ബിഎസ്എന്‍എല്‍ അതിന്റെ സര്‍വ്വീസ് വാലിഡിറ്റി മെയ് അഞ്ച് വരെ നീട്ടി നല്‍കും

രാജ്യത്തെ ലോക്ക്ഡൌൺ മെയ് മൂന്ന് വരെ നീട്ടിയതോടെയാണ് കമ്പനികൾ സർവ്വീസ് വാലിഡിറ്റിയും മെയ് വരെ സൌജന്യമായി നീട്ടി നൽകാൻ തീരുമാനിച്ചത്. സ്വകാര്യ കമ്പനികൾ മെയ് മൂന്ന് വരെ സാധാരണക്കാരായ ഉപയോക്താക്കൾക്ക് വാലിഡിറ്റി നീട്ടി നൽകുമ്പോൾ ബിഎസ്എൻഎൽ മെയ് അഞ്ച് വരെയാണ് സർവ്വീസ് വാലിഡിറ്റി നൽകുന്നത്.

സർവ്വീസ് വാലിഡിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇൻകമിംങ് കോളുകൾക്കുള്ള സൌകര്യമാണ്. മിനിമം റീചാർജ് സംവിധാനം പ്രാബല്യത്തിൽ വന്നതിന് ശേഷം പ്ലാനുകളുടെ വാലിഡിറ്റി കഴിഞ്ഞാൽ അടുത്ത പ്ലാൻ ആക്ടിവേറ്റ് ചെയ്തില്ലെങ്കിൽ ഏഴ് ദിവസം കഴിയുമ്പോൾ ഇൻകമിംങ് കോളുകളും ലഭിക്കില്ലായിരുന്നു.

ഒന്നാം ഘട്ട ലോക്ക്ഡൌൺ ഏപ്രിൽ 14 വരെയാണ് പ്രഖ്യാപിച്ചിരുന്നത്. ഈ അവസരത്തിൽ കമ്പനികളെല്ലാം സർവ്വീസ് വാലിഡിറ്റി നീട്ടി നൽകിയിരുന്നു. രാജ്യത്ത് കൊറോണ കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് സർക്കാർ ലോക്ക്ഡൌൺ നീട്ടിയത്.

ഇതിനെ തുടർന്ന് എല്ലാ കമ്പനികളും സർവ്വീസ് വാലിഡിറ്റി നീട്ടി നൽകണമെന്ന് ട്രായ് ആവശ്യപ്പെട്ടിരുന്നു. എയർടെല്ലും വോഡാഫോൺ ഐഡിയയുമാണ് രണ്ടാം ഘട്ട ലോക്ക്ഡൌൺ കഴിയുന്നത് വരെ സർവ്വീസ് വാലിഡിറ്റി നീട്ടി നൽകുമെന്ന് ആദ്യം പ്രഖ്യാപിച്ച കമ്പനികൾ.

സർവ്വീസ് വാലിഡിറ്റി നീട്ടി നൽകുന്നതിനൊപ്പം ബിഎസ്എൻഎൽ റീചാർജിനായി പുതിയ സംവിധാനം ഒരുക്കി. റീചാർജ് ഹെൽപ്പ് ലൈൻ എന്ന പുതിയ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് അവരുടെ പ്രീപെയ്ഡ് നമ്പരുകൾ എളുപ്പത്തിൽ റീചാർജ് ചെയ്യാൻ സാധിക്കും. പ്രീപെയ്ഡ് ഉപയോക്താക്കളിൽ വലിയൊരു വിഭാഗത്തിനും ഒഫ്ലൈൻ സ്റ്റോറുകൾ അടച്ചിട്ടിരിക്കുന്നതിനാൽ റീചാർജ് ചെയ്യാൻ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് കമ്പനി പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഉപയോക്താക്കളോട് ഡിജിറ്റൽ റീചാർജുകൾ ചെയ്യാൻ ആവശ്യപ്പെടുന്നതിനൊപ്പം തന്നെ അതിന് സാധിക്കാത്തവർക്കായി ബിഎസ്എൻഎൽ ഒരു ഹെൽപ്പ്ലൈൻ നമ്പർ ഒരുക്കിയിട്ടുണ്ട്. 5670099 എന്ന നമ്പരിലേക്ക് വിളിച്ച് ഉപയോക്താക്കൾക്ക് വീട്ടിലിരുന്ന് തന്നെ റീചാർജ് ചെയ്യാൻ സാധിക്കും. ബിഎസ്എൻഎൽ ടോൾ ഫ്രീ റീചാർജ് നമ്പർ ഇതിനകം തന്നെ വടക്ക്, പടിഞ്ഞാറൻ മേഖലകളിൽ ലഭ്യമാണ്. 2020 ഏപ്രിൽ 22 മുതൽ കേരളത്തിലും ഇത് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

Comments are closed.