അപേക്ഷകരുടെ എണ്ണത്തിലെ വര്‍ദ്ധനവ് : കുടുംബശ്രീ വഴി വായ്പ നല്കുന്ന പദ്ധതിയിലെ വായ്പ തുക കുറയും
കോഴിക്കോട്: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയിലൂടെ അയ്യായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെ വായ്പ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, സംസ്ഥാനത്തെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളില്‍ 35 ലക്ഷം പേരും വായ്പയ്ക്കായി അപേക്ഷിച്ചിരുന്നു.
ഭൂരിഭാഗം പേരും അപേക്ഷ നല്‍കിയത് പരമാവധി തുകയായ 20000 രൂപയ്ക്ക് വേണ്ടിയായിരുന്നു. തുടര്‍ന്ന് ഇത് പ്രായോഗികമല്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പരമാവധി പേര്‍ക്ക് അയ്യായിരം രൂപ വീതം വായ്പ അനുവദിച്ചാല്‍ മതിയെന്ന് കുടുംബശ്രീ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അതേസമയം ലോക്ക് ഡൗണിനെത്തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടവും പ്രതിസന്ധിയും കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ സഹായ ഹസ്തം എന്ന പേരില്‍ സര്‍ക്കാര്‍ 2000 കോടി രൂപ കുടുംബശ്രീ വഴി വായ്പ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
കൊവിഡിനെത്തുടര്‍ന്ന് സാമ്പത്തിക പ്രയാസമുണ്ടായ കുടുംബശ്രീ അംഗങ്ങള്‍ക്ക് 5000 രൂപ മുതല്‍ 20000 രൂപ വരെ വായ്പ നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അത്യാവശ്യമുളളവരെന്ന് ബോധ്യപ്പെടുന്നവര്‍ക്ക് മാത്രമാകും കൂടിയ തുക വായ്പ അനുവദിക്കുക. ഇക്കാര്യം അറിയിച്ചതോടെ മഹിളാ മോര്‍ച്ച അടക്കമുളള സംഘടനകള്‍ പ്രതിഷേധമാരംഭിച്ചു. അതേസമയം കൊവിഡ് സമസ്ത മേഖലകളിലും സൃഷ്ടിച്ച പ്രതിസന്ധിയാണ് അപേക്ഷകരുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനവിലൂടെ വ്യക്തമാകുന്നതെന്ന് കുടുംബശ്രീ അധികൃതര്‍ അറിയിച്ചു.
Comments are closed.