Ultimate magazine theme for WordPress.

കുവൈത്തില്‍ കര്‍ഫ്യൂ സമയം വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് മണി വരെ നീട്ടി

കുവൈത്ത്: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ കുവൈത്തില്‍ കര്‍ഫ്യൂ സമയം വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് മണി വരെ നീട്ടിയതായി മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ വൈകിട്ട് അഞ്ച് മുതല്‍ രാവിലെ ആറ് വരെയായിരുന്നു കര്‍ഫ്യൂ. കൂടാതെ റംസാന്‍ മാസം കഴിയുന്നതുവരെ പൊതുഅവധി നീട്ടാനും തീരുമാനമായി.

അതേസമയം വിദേശത്ത് കഴിയുന്ന സ്വദേശികളെ തിരിച്ചെത്തിച്ച ശേഷം കുവൈത്തില്‍ പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് പഠിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ് വ്യക്തമാക്കി. കുവൈത്തില്‍ 80 പേര്‍ക്ക് പുതുതായി കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 80 പേരില്‍ 47 പേരും ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 1995 ആയി. എന്നാല്‍ കുവൈത്തില്‍ ഇന്നലെ ഒരു ഇന്ത്യന്‍ പൗരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു.

അവസാനം പുറത്തുവന്ന കണക്ക് പ്രകാരം കുവൈത്തില്‍ കൊവിഡ് മരണം ഒമ്പതായി. നിലവില്‍ കുവൈത്തില്‍ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1132 ആയി. ചികിത്സയില്‍ ഉണ്ടായിരുന്ന 367 പേര്‍ രോഗമുക്തി നേടി. തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ള 39 പേരില്‍ 26 പേര്‍ ഗുരുതരാവസ്ഥയിലാണന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പൊതുമാപ്പ് ഉപയോഗിക്കുന്നവരെ കുവൈത്ത് സര്‍ക്കാര്‍ സൗജന്യമായി നാട്ടിലെത്തിക്കും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുകൂല തീരുമാനം അറിയിച്ചിട്ടില്ല. പൊതുമാപ്പ് ഉപയോഗിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു.

Comments are closed.