മോഷ്ടാക്കളെന്ന് സംശയിച്ച് സന്ന്യാസിമാരെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

മുംബൈ: മഹാരാഷ്ട്രയില്‍ മോഷ്ടാക്കളെന്ന് സംശയിച്ച് സന്ന്യാസിമാരെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. വ്യാഴാഴ്ച രാത്രിയാണ് ലോക്ഡൗണിനിടെ സൂറത്തിലേക്ക് പോവുകയായിരുന്ന രണ്ട് സന്യാസിമാരെയും ഡ്രൈവറെയും പാല്‍ഖറില്‍ നിന്ന് 150 മീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തില്‍ വച്ച് നാട്ടുകാര്‍ തല്ലിക്കൊന്നത്.

കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നവര്‍ ഗ്രാമത്തിലെത്തിയിട്ടുണ്ടെന്ന പ്രചാരണം വിശ്വസിച്ച് ആയുധങ്ങളുമായി റോന്ത് ചുറ്റുന്നവരാണ് ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇന്ന് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കും. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിനായി പ്രചരിപ്പിച്ചവര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചു. അതേസമയം 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രായപൂര്‍ത്തിയാകാത്ത 9 പേരടക്കം 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇരുനൂറോളം പേര്‍ ആക്രമണത്തിനുണ്ടായിരുന്നെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഭൂരിഭാഗം പേരെയും തിരിച്ചറിഞ്ഞെന്നും എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ വിവരമറിഞ്ഞ കാസ പൊലീസ് സ്റ്റേഷനില്‍ നിന്ന് 30 പൊലീസുകാരെത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. ആള്‍ക്കൂട്ടം പൊലീസിനെയും ആക്രമിച്ചു. രണ്ട് മതക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷമല്ലെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.

Comments are closed.