പ്രമേഹത്തെ നിയന്ത്രിക്കാന്‍ ചില വഴികള്‍

പാരമ്പര്യമായും ആഹാരത്തിലെ ശീലങ്ങള്‍ കാരണമായും ഒരാള്‍ക്ക് പ്രമേഹം പിടിപെടാം. പാരമ്പര്യമായി രോഗമുള്ളവര്‍ മെലിഞ്ഞിരിക്കുന്നവരും ശരീരം വരണ്ടവരും അല്‍പാഹാരികളും കൂടുതല്‍ വെള്ളം കുടിക്കുന്നവരും ആയിരിക്കും. ഭക്ഷണത്തിലെ അനാരോഗ്യകരമായ ശീലത്താല്‍ പ്രമേഹം ബാധിച്ചവരുടെ ശരീരം കൂടുതല്‍ തടിച്ചവരും ശരീരം വളരെയധികം എണ്ണമയത്തോടുകൂടിയവരും അലസരുമായരിക്കും.

പല്ല്, കണ്ണ്, ചെവി എന്നിവിടങ്ങളില്‍ അഴുക്ക് അടിയുക. കൈകാലുകളില്‍ ചൂട് അനുഭവപ്പെടുക. കഫവും ദുര്‍മേദസും ഉണ്ടാവുക. വായില്‍ മധുരരസം അനുഭവപ്പെടുക. ദാഹം വര്‍ധിക്കുക, തലമുടിയുടെ സ്വാഭാവികത നഷ്ടപ്പെടുക, സാധാരണയില്‍ അധികമായി നഖം വളരുക എന്നിവയെല്ലാം വരാന്‍പോകുന്ന പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങളാണ്.

ചികിത്സിക്കാതെയിരുന്നാല്‍ എല്ലാവിധ പ്രമേഹവും മധുമേഹം ആയിത്തീരും. തേനിന്റെ നിറത്തോടും കൊഴുപ്പോടും കൂടിയ മൂത്രം കൂടുതലായി പോകുന്നതിനാലാണ് ഈ അവസ്ഥയെ മധുമേഹം എന്ന് വിളിക്കുന്നത്.

ആയുര്‍വേദ നുറുങ്ങുകള്‍

* 10 തുളസി ഇലകള്‍ + 10 വേപ്പ് ഇലകള്‍ + 10 കൂവളത്തില എന്നിവ വേര്‍തിരിച്ചെടുത്ത ഒരു ഗ്ലാസ് വെള്ളം ഒഴിഞ്ഞ വയറ്റില്‍ കുടിക്കുക.

* ആയുര്‍വേദത്തില്‍ പറയുന്ന പ്രമേഹ മരുന്നുകളില്‍ പ്രധാനമാണ് ഞാവല്‍. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് വെള്ളവും ഒരു ടീസ്പൂണ്‍ ഞാവല്‍ പഴത്തിന്റെ പൊടിയും വെറും വയറ്റില്‍ കഴിക്കുക.

* രാത്രിയില്‍ ഒരു കപ്പ് വെള്ളം ഒരു ചെമ്പ് പാത്രത്തില്‍ വയ്ക്കുക, രാവിലെ വെള്ളം കുടിക്കുക.

* കഫം കുറയ്ക്കുന്നതിന്, നിങ്ങള്‍ കഫം ശമിപ്പിക്കുന്ന ഭക്ഷണക്രമം പാലിക്കണം. പ്രത്യേകിച്ചും മധുര പലഹാരങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ്, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ ഒഴിവാക്കുക. കൂടുതലായി പച്ചക്കറികളും കയ്പുള്ള സസ്യങ്ങളും കഴിക്കുക.

* രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള മറ്റൊരു മാര്‍ഗം മഞ്ഞള്‍ ഉപയോഗിക്കുക എന്നതാണ്. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ക്കുക.

* കൂവളം ഇലയുടെ നീര് 14 – 28 മില്ലി വരെ എടുത്ത് തേന്‍ ചേര്‍ത്ത് ദിവസം മൂന്നു പ്രാവശ്യം കഴിക്കുക. പ്രമേഹത്തിനു ഗുണം ചെയ്യുന്ന വഴിയാണിത്.

* പ്രമേഹരോഗികള്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട ഒന്നാണ് ഉലുവ. വീടുകളില്‍ ഉലുവ എപ്പോഴും സ്റ്റോക്ക് ഉണ്ടായിരിക്കണം. എല്ലാ ദിവസവും രാവിലെ ഉലുവ ഇട്ട് കുതിര്‍ത്ത വെള്ളം കുടിക്കുക.

* നിങ്ങളുടെ ശരീരത്തിലെ അധിക കഫം കുറയ്ക്കുന്നതിന് ഗുണം ചെയ്യുന്ന, ദഹനത്തെ ഉത്തേജിപ്പിക്കാന്‍ ഇഞ്ചി ചായ സഹായിക്കുന്നു.

* നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍, ഒരു ആയുര്‍വേദ വിദഗ്ദ്ധനെ സന്ദര്‍ശിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുക.

* പ്രമേഹരോഗികള്‍ വേണ്ട പഥ്യങ്ങളും ചികിത്സകളും ചെയ്യാതെയിരുന്നാല്‍ അത് മറ്റ് പല മാരക രോഗങ്ങളെയും ക്ഷണിച്ചുവരുത്താന്‍ കാരണമാകും.

മദ്യം, പാല്‍, എണ്ണ, നെയ്യ്, ശര്‍ക്കര, പഞ്ചസാര, തൈര്, അരി പലഹാരങ്ങള്‍, പഴങ്കഞ്ഞി, കൊഴുപ്പ് അധികമടങ്ങിയ മാംസങ്ങള്‍ എന്നിവ പ്രമേഹ രോഗികള്‍ ഉപയോഗിക്കരുത്. ചെന്നല്ല്, നവര, യവം, ഗോതമ്പ്, വരക്, മുളയരി, മുതലായവയുടെ അരികൊണ്ട് ഉള്ള ആഹാരം, ചണമ്പയര്‍, തുവര, മുതിര, ചെറുപയര്‍, എന്നിവയാല്‍ തയാറാക്കിയ ആഹാരങ്ങളും കറികളും കയ്പുരസമുള്ളതും ചവര്‍പ്പുരസമുള്ളതുമായ ഇലവര്‍ഗങ്ങള്‍ ഓടല്‍, കടുക്, അതസി എന്നിവയുടെ എണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.

Comments are closed.