സാന്‍ട്രോയുടെ 1.1 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഹ്യുണ്ടായി നവീകരിച്ചു

സാൻട്രോയുടെ 1.1 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ ഈ വർഷം ജനുവരിയിൽ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി ഹ്യുണ്ടായി നവീകരിച്ചു.

പഴയ പതിപ്പിനെപ്പോലെ തന്നെ ബിഎസ്-VI കംപ്ലയിന്റ് 1.1 ലിറ്റർ പെട്രോൾ എഞ്ചിൻ 69 bhp കരുത്തിൽ 99 Nm torque ഉത്പാദിപ്പിക്കും.അതേ അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എ‌എം‌ടി ഗിയർ‌ബോക്‌സ് ഓപ്ഷനുകൾ തന്നെ കാറിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

എന്നാൽ പറഞ്ഞുവരുന്ന ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്. പുതിയ സാൻട്രോയുടെ മൈലേജിലെ വ്യതിയാനമാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. ബിഎസ്-VI രൂപത്തിൽ ARAI സ്ഥിരീകരിക്കുന്ന കണക്ക് ലിറ്ററിന് 20 കിലോമീറ്ററാണ്. അതായത് ഇന്ധനക്ഷമത മാനുവൽ, എ‌എം‌ടി പതിപ്പുകൾ‌ക്ക് ബി‌എസ്-IV മോഡലിനേക്കാൾ 0.3 കുറവാണ്.

ടാറ്റാ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റ്, മാരുതി സുസുക്കി സെലേറിയോ, വാഗൺ ആർ എന്നിവ ഉൾപ്പെടുന്ന സാൻട്രോയുടെ എല്ലാ എതിരാളികളും ഇപ്പോൾ കൂടുതൽ കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നു. അതിനാൽ ബിഎസ്-VI ഹ്യുണ്ടായി സാൻ‌ട്രോയെ അപേക്ഷിച്ച് മറ്റ് മോഡലുകൾ വാഗ്‌ദാനം ചെയ്യുന്ന മൈലേജ് എത്രയാണെന്ന പരിശോധനയിലേക്ക് നമുക്ക് കടക്കാം.

ഈ വിഭാഗത്തിൽ ഏറ്റവും മികച്ച ഇന്ധനക്ഷമയുള്ള കാറാണ് മാരുതിയുടെ 1.0 ലിറ്റർ വാഗൺആർ. ഇത് മാനുവൽ, ഓട്ടോമാറ്റിക് രൂപത്തിൽ 21.79 കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യുന്നു. അതായത് സാൻട്രോയേക്കാൾ ഏകദേശം രണ്ട് കിലോമീറ്റർ അധികമാണെന്ന് അർത്ഥം.

സെലേറിയോയും 1.2 ലിറ്റർ വാഗൺആറും ഇക്കാര്യത്തിൽ സാൻട്രോയെ മറികടക്കുന്നത് ശ്രദ്ധേയമാണ്. സെലേറിയോ 21.63 കിലോമീറ്റർ മൈലേജ് നൽകുമ്പോൾ വാഗൺആർ 20.52 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്നു. വാഗൺ ആർ, സെലെറിയോ എന്നീ മോഡലുകളുടെ ചെറിയ 1.0 ലിറ്റർ എഞ്ചിനുകൾക്ക് ഒരു സിലിണ്ടർ കുറവാണ് എന്നത് എടുത്തുപറയേണ്ട ഒന്നാണ്.

ടാറ്റ ടിയാഗോ ഈ വിഭാഗത്തിലെ ഏറ്റവും കാര്യക്ഷമത കുറഞ്ഞ കാറാണെന്നതും വ്യക്തമാണ്. കാരണം 19.8 കിലോമീറ്ററാണ് ലിറ്ററിന് ടിയാഗൊ നൽകുന്ന ഇന്ധനക്ഷമത. സാൻട്രോയെക്കാൾ 0.2 കിലോമീറ്റർ കുറവാണ്. ടിയാഗൊ ഓട്ടോമാറ്റിക്കിന്റെ കണക്കുകൾ വ്യക്തമല്ലെങ്കിലും ഇത് മാനുവൽ മോഡലിന് അടുത്തായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായി സാൻട്രോയെ ഭാരത് സ്റ്റേജ് VI ലേക്ക് നവീകരിപ്പോൾ ഹാച്ച്ബാക്കിന്റെ വിലയും 22,000 മുതൽ 27,000 രൂപ വരെ വർധിപ്പിച്ചു. ഹ്യുണ്ടായി ഒരു പുതിയ ഉയർന്ന അസ്‌ത എഎംടി വകഭേദത്തെയും ശ്രേണിയിലേക്ക് അവതരിപ്പിച്ചിട്ടുണ്ട്.

ഈ വിഭാഗത്തിൽ മാനുവൽ‌, ഓട്ടോമാറ്റിക് പതിപ്പുകളിൽ‌ ഏറ്റവും താങ്ങാനാവുന്ന ഓഫറാണ് മാരുതി സുസുക്കി സെലേറിയോ. ഇത് സാൻ‌ട്രോയേക്കാൾ 15,000-20,000 രൂപ വരെ വിലകുറഞ്ഞതാണ്. രണ്ടാം സ്ഥാനത്തുള്ള വാഗൺആർ അതിന്റെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ വഴി ഉപഭോക്താക്കൾക്ക് വൈവിധ്യങ്ങൾ നൽകുകയും ചെലവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Comments are closed.