സംസ്ഥാനത്ത് ആകെയുള്ള 87.29 ലക്ഷം റേഷന്‍ കാര്‍ഡുകളില്‍പെട്ട 84.45 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം സൗജന്യ റേഷന്‍ വിതരണം നടത്തി

തിരുവനന്തപുരം: റേഷന്‍ വിതരണ രംഗത്ത് നിശ്ചയിച്ച രീതിയില്‍ ലക്ഷ്യം നേടാന്‍ കഴിഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള 87.29 ലക്ഷം റേഷന്‍ കാര്‍ഡുകളില്‍പെട്ട 84.45 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം സൗജന്യ റേഷന്‍ വിതരണം നടത്തി. ഇത് ആകെ കാര്‍ഡുകളുടെ 96.66 ശതമാനമാണ്. ഇതുവരെ 14,0272 മെട്രിക് ടണ്‍ അരിയും 15,007 മെട്രിക് ടണ്‍ ഗോതമ്പുമാണ് വിതരണം ചെയ്തതെന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കൂടാതെ മെയ് മാസത്തെ വിതരണത്തിനുള്ള അരിയും ഗോതമ്പും റേഷന്‍ കടകളിലേയ്ക്ക് വിതരണത്തിന് തയ്യാറായിട്ടുണ്ട്.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിപ്രകാരം സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന-മുന്‍ഗണനാ വിഭാഗം (മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍ക്ക്) കുടുംബങ്ങള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം ഇന്നലെ ആരംഭിച്ചു. ഇത് ഏപ്രില്‍ 26ന് പൂര്‍ത്തീകരിക്കും.

27 മുതല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പലവ്യഞ്ജന കിറ്റ് പിങ്ക് കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യും.
ഇതുവരെ അന്ത്യോദയ കുടുംബങ്ങളില്‍ പെട്ട 5,74,768 മഞ്ഞ കാര്‍ഡുകള്‍ക്കുള്ള വിതരണം നടന്നുകഴിഞ്ഞു. 31 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്കാണ് പിങ്ക് കാര്‍ഡുള്ളത്. അതിന്‍റെ വിതരണത്തിനുശേഷം ബാക്കി കുടുംബങ്ങള്‍ക്കുള്ള കിറ്റുകളും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തിരക്കൊഴിവാക്കുവാന്‍ ചില ക്രമീകരണങ്ങള്‍ റേഷന്‍ കടകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 22 മുതല്‍ 26 വരെ തീയതികളില്‍ യഥാക്രമം

22-ന് 1-2,

23-ന് 3-4,

24-ന് 5-6,

25-ന് 7-8,

26-ന് 9-0
ഈ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകളാണ് റേഷന്‍ വാങ്ങാന്‍ എത്തേണ്ടത്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.