തമിഴ്‌നാട്ടില്‍ നിന്നെത്തിയവര്‍ക്ക് കൊവിഡ് ; ഇടുക്കിയിലെ അതിര്‍ത്തി മേഖലകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നെത്തിയ കുളത്തൂപ്പുഴ പഞ്ചായത്തിലെ കുമരംകരിക്കം സ്വദേശിയായ മുപ്പത്തി ഒന്നുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കിയിലെ അതിര്‍ത്തി മേഖലകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. ഇയാള്‍ യാത്ര വിവരം മറച്ചുവച്ച് പ്രാദേശികമായി ഇടപഴകുകയും ചെയ്തതോട നിരോധനാജ്ഞ പുറപ്പെടുവിക്കുകയായിരുന്നു.

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കാല്‍നടയായും പച്ചക്കറി ലോറിയിലുമായാണ് ഇയാള്‍ അതിര്‍ത്തി കടന്നുപോയത്. അതുകൊണ്ട് തന്നെ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന വനപാതകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇയാള്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്ന ബന്ധുവിനെ പരിശോധിച്ചെങ്കിലും നെഗറ്റീവ് ആണ്. ഈ യുവാവ് ഉള്‍പ്പെടെ ആറ് പേരാണ് ജില്ലയില്‍ ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്.

തുടര്‍ന്ന് ജില്ല അതിര്‍ത്തിയിലെ 28 വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ മെയ് മൂന്ന് വരെ നീട്ടി. കൊല്ലത്ത് കുളത്തൂപ്പുഴ , ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളില്‍ നിരോധനാജ്ഞ തുടരുകയാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ 40 പേര്‍ മൂന്നാറിലും വട്ടവടയിലുമായി പ്രത്യേകമായി തയ്യാറാക്കിയ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാണ്.

അയല്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഇന്നും തുടരും. വയനാട്ടില്‍ നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഹാര്‍ഡ്വെയര്‍ ഷോപ്പുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും, ചെരുപ്പുകടകള്‍ ചൊവ്വാഴ്ചയും, അടിവസ്ത്രങ്ങളും കുഞ്ഞുടുപ്പുകളും വില്‍ക്കുന്ന കടകള്‍ വ്യാഴാഴ്ചയും, റെക്‌സിന്‍ കടകള്‍ ശനിയാഴ്ചയും തുറക്കാന്‍ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Comments are closed.