214 പേരുടെ പരിശോധന ഫലം എത്തുന്നതോടെ കണ്ണൂരിലുള്ള ആശങ്ക അകലുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്ഥമായി രോഗലക്ഷണങ്ങള്‍ ഇല്ലാഞ്ഞിട്ടും വിദേശത്ത് നിന്ന് വന്ന മുഴുവന്‍ ആളുകളുടെയും സ്രവ പരിശോധന കണ്ണൂരില്‍ നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് വിദേശത്തു നിന്നും വന്ന 346 പേരെ പരിശോധിച്ചതില്‍ നിന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 16 പേര്‍ക്ക് കൊവിഡ് പോസറ്റീവായി കണ്ടത്.
എന്നാല്‍ 214 പേരുടെ പരിശോധന ഫലം കൂടി എത്തുന്നതോടെ കണ്ണൂരിലുള്ള ആശങ്ക അകലുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. അതേസമയം ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള കണ്ണൂരില്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. മെയ് മൂന്ന് വരെ ജില്ലയില്‍ പൊലീസിന്റെ ട്രിപ്പിള്‍ ലോക്ക് സുരക്ഷയായിരിക്കും.
ഗ്രാമങ്ങളെല്ലാം അടച്ചു കഴിഞ്ഞു. ഹോട്ട് സ്പോട്ടായി നിശ്ചയിച്ച 18 കേന്ദ്രങ്ങളില്‍ മരുന്ന് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വളണ്ടിയര്‍മാര്‍ വീടുകളിലെത്തിക്കും. മറ്റിടങ്ങളില്‍ അവശ്യ സാധനങ്ങളുടെ കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. തുടര്‍ന്ന് ജില്ലയെ മൂന്ന് സബ് ഡിവിഷനുകളാക്കി എസ്പിമാരെ ചുമതലയേല്പിച്ചു. ഐജി അശോക് യാദവിനാണ് മേല്‍നോട്ട ചുമതല. ഇന്നലെ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ 373 പേരെ അറസ്റ്റ് ചെയ്തു.
ജില്ലയില്‍ 53 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കണ്ണൂര്‍ ന്യൂമാഹിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയ നാല് പേരെ പിടികൂടി കൊവിഡ് നീരീക്ഷണ കേന്ദ്രത്തിലേക്കയച്ചു. എട്ട് പേരുണ്ടായിരുന്ന സംഘത്തില്‍ നാല് പേര് പൊലീസ് എത്തിയതോടെ ഓടി രക്ഷപ്പെട്ടു. ജില്ലയില്‍ ഇന്ന് അനാവശ്യമായി പുറത്തിറങ്ങിയ 266 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
Comments are closed.