ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ഏതൊരു ആക്രമണത്തേയും സര്‍ക്കാര്‍ കര്‍ശനമായി നേരിടുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ രംഗത്തുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.

തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ഏതൊരു ആക്രമണത്തേയും സര്‍ക്കാര്‍ കര്‍ശനമായി നേരിടുമെന്നും രാവിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അമിത് ഷായും ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധനും അറിയിച്ചു. അതിനാല്‍ ആക്രമണത്തിനെതിരെ ഇന്ന് ഡോക്ടര്‍മാര്‍ നടത്താനിരിക്കുന്ന പ്രതീകാത്മക സമരത്തില്‍ നിന്നും പിന്മാറണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.

അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും നേരെ ആക്രമണങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ബംഗലൂരു എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആക്രമണത്തിനെതിരെ രാജ്യമെമ്പാടും പ്രതീകാത്മകമായി ‘വൈറ്റ് അലര്‍ട്ട്’ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ഐഎംഎ ഡോക്ടര്‍മാരോടും ആശുപത്രികളോടും ആവശ്യപ്പെട്ടിരുന്നു. വെള്ള കോട്ട് ധരിച്ച് കത്തിച്ച മെഴുതിരിയും പിടിച്ച് പ്രതീകാത്മകമായി പ്രതിഷേധിക്കാനായിരുന്നു ഐഎംഎ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പ്രതീകാത്മക പ്രതിഷേധം ഫലം കണ്ടില്ലെങ്കില്‍ നാളെ കരിദിനം ആചരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. കറുത്ത ബാഡ്ജ് അണിഞ്ഞ് നാളെ ജോലിക്ക് കയറാനാണ് തീരുമാനിച്ചിരുന്നത്.

Comments are closed.