സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ് , കോഴിക്കോട് രണ്ട്, കോട്ടയം മലപ്പുറം ഒന്ന് വീതവുമാണ് രോഗബാധ. അതേസമയം കോഴിക്കോട്ട് രണ്ട് ഹൗസ് സര്‍ജ്ജന്‍മാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ മൂന്ന് പേര്‍ക്ക് വൈറസ് ബാധ സമ്പര്‍ക്കത്തിലൂടെയാണ്.

വിദേശത്തു നിന്നും വന്നത് 5 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ 127പേര്‍ ഇപ്പോള്‍ ചികിത്സയില്‍ ഉണ്ടെന്നും ഇന്ന് മാത്രം 95 പേര്‍ ആശുപത്രിയില്‍ ആയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതേസമയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 29150 പേരുണ്ട്. വീടുകളില്‍ 28804 പേരും ആശുപത്രികളില്‍ 346 പേരും ഉണ്ട്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 20821 സാമ്പിളുകള്‍ പരിശോധിച്ചു. 19998 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള കണ്ണൂരില്‍ നിയന്ത്രണം കര്‍ശനമാക്കി. വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായി. ഹോട്‌സ്‌പോട്ടായ തദ്ദേശ സ്ഥാപനങ്ങള്‍ സീല്‍ ചെയ്തു. നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയതിന് 437 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 347 വാഹനങ്ങള്‍ പിടിച്ചെടുത്തു. അതേസമയം രോഗ വ്യാപന തോത് കൂടിയ കണ്ണൂര്‍ ജില്ലയില്‍ അടക്കം പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. അതിര്‍ത്തികളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി.

Comments are closed.