മഹാരാഷ്ട്രയില്‍ കോവിഡ് മരണം 269 ; ആകെ രോഗബാധിതരുടെ എണ്ണം 5649 ആയി

മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് മരണം 269 ആയി. ആകെ രോഗബാധിതരുടെ എണ്ണം 5649 ആയി. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം മരിച്ചത് 18 പേരാണ്. ഇതില്‍ പത്തും മുംബൈയിലാണ്. മുംബൈയില്‍ മാത്രം 3683 പേര്‍ രോഗബാധിതരായി. അതേസമയം ഓഫിസിലെ ജീവനക്കാര്‍ക്കു രോഗം ബാധിച്ചതിനു പിന്നാലെ കോവിഡ് സംശയത്തെത്തുടര്‍ന്ന് ഭവനമന്ത്രി ജിതേന്ദ്ര ആവാഡിനെ ആശുപത്രിയിലാക്കി. അഠാവ്‌ലെയുടെ മുംബൈയിലെ വസതിയില്‍ സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനു കോവിഡ്.

മുംബൈയില്‍ 2 ഡോക്ടര്‍മാര്‍ക്കും 6 നഴ്‌സുമാര്‍ക്കും കൂടി രോഗം സ്ഥിരീകരിച്ചു. അതേസമയം ഡല്‍ഹിയില്‍ മലയാളി നഴ്‌സിനും കുടുംബത്തിനും കോവിഡ്. മാതാപിതാക്കള്‍, സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരാണു ചികില്‍സയില്‍. സഹോദരിയുടെ 14 ദിവസം പ്രായമായ കുഞ്ഞിനു രോഗമില്ല. മഹാരാഷ്ട്രയില്‍ 129 മലയാളി നഴ്‌സുമാര്‍ക്കും ഡല്‍ഹിയില്‍ ഇരുപതിലേറെ പേര്‍ക്കുമാണു സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ കോവിഡ് പ്രവര്‍ത്തനത്തിനിടെ മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, തദ്ദേശ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.

Comments are closed.