പോലീസ് ഉദ്യോഗസ്ഥരുടെ സഹായം : അധ്യാപികയെ സര്‍ക്കാര്‍ വാഹനത്തില്‍ കര്‍ണാടകയില്‍ എത്തിച്ചതില്‍ വിമര്‍ശനം

വയനാട് : കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ജില്ല അതിര്‍ത്തികള്‍ ലംഘിച്ചുള്ള യാത്രകള്‍ പോലും വിലക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അധ്യാപികയെ സര്‍ക്കാര്‍ വാഹനത്തില്‍ കര്‍ണാടകയില്‍ എത്തിച്ചതില്‍ കളക്ടറുടെ വിമര്‍ശനം. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ് വയനാട്ടിലെ ചെക് പോസ്റ്റുകള്‍ വഴി ഉന്നത എക്സൈസ് ഉദ്യോഗസ്ഥന്റെ വാഹനത്തില്‍ കര്‍ണാടകയില്‍ എത്തിച്ചത്.

ഡല്‍ഹിയിലേക്ക് ആണ് അധ്യാപികയുടെ യാത്രയെന്നാണ് വിവരം. തിരുവനന്തപുരത്തുനിന്ന് കര്‍ണാടകയിലേക്കു യാത്രചെയ്യാന്‍ പോലീസിന്റെ യാത്രാപാസ് അധ്യാപികയ്ക്ക് ലഭിച്ചിരുന്നു. ഇത്തരമൊരു പാസ് നല്‍കാന്‍ പോലീസിന് അധികാരമില്ലെന്ന് വന്‍ വിമര്‍ശനമാണ് വയനാട് കളക്ടര്‍ അദീല അബ്ദുള്ളയുടെ ഭാഗത്ത് നിന്നുമുണ്ടായത്.

അതേസമയം തമാരശ്ശേരിയില്‍ എത്തിയ അധ്യാപികയെ വയനാട്ടിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഔദ്യോഗിക വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. അതിര്‍ത്തികളിലെ കര്‍ശന പരിശോധനകള്‍ അധ്യാപികയ്ക്ക് നേരിടേണ്ടി വന്നില്ല. തിരുവനന്തപുരത്ത് നിന്ന് ഇവര്‍ എത്തിയതും സര്‍ക്കാര്‍ വാഹനത്തിലാണെന്നുമാണ് സൂചന.

അതേസമയം തിരുവനന്തപുരം കേന്ദ്രീയവിദ്യാലയത്തില്‍ പഠിപ്പിക്കുന്ന അധ്യാപികയുടെ ശിഷ്യരില്‍ ഉന്നത ഉദ്യോഗസ്ഥരുടെ മക്കളുണ്ട്. ഈ സ്വാധീനം ഉപയോഗിച്ചാണ് ഇവര്‍ യാത്രചെയ്തതെന്നാണു നിഗമനം. അന്തസ്സംസ്ഥാന യാത്രാനുമതി നല്‍കാന്‍ പോലീസിന് അധികാരമില്ലെന്നിരിക്കെ എങ്ങനെ പാസ് നല്‍കിയെന്നതും ഇതില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരേയും വകുപ്പുതല അന്വേഷണമുണ്ടാകും. കൂടാതെ അധ്യാപിക മടങ്ങിയെത്തുമ്പോള്‍ അവരും അന്വേഷണം നേരിടേണ്ടിവരുമെന്നും കളക്ടര്‍ വ്യക്തമാക്കി.

Comments are closed.