സിട്രണ്‍ C21 ഈ വര്‍ഷം വിപണിയില്‍ എത്തില്ല

കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ C5 എയര്‍ ക്രോസ് എസ്‌യുവിയുടെ അരങ്ങേറ്റം കമ്പനി അടുത്ത വര്‍ഷത്തേക്ക് മാറ്റി എന്ന് നേരത്തെ അറിയിച്ചിരുന്നു. C5 എയര്‍ക്രോസ് എസ്‌യുവിക്ക് പിന്നാലെ നിരവധി മോഡലുകളെയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കും ഉടന്‍ തന്നെ വാഹനത്തെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.

സിട്രണ്‍ C21 എന്ന കോഡ്നാമമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഈ വാഹനവും ഈ വര്‍ഷം വിപണിയില്‍ എത്തില്ല എന്ന വിവരവും ഇപ്പോള്‍ പുറത്തുവന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ വാഹനത്തിന്റെ അവതരണവും കമ്പനി അടുത്ത് വര്‍ഷത്തേക്ക് നീട്ടിയിരിക്കുന്നത്.

വിപണിയില്‍ എത്തിയാല്‍ ഹ്യുണ്ടായി വെന്യു, മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര XUV300 എന്നിവരാകും എതിരാളികള്‍. കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചു വരുന്നുവെന്നാണ് കമ്പനി അറിയിച്ചത്.

ഇത് മുന്നില്‍ കണ്ടാണ് ഈ ശ്രേണിയിലേക്കും വാഹനത്തെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ സവിശേഷതകള്‍ക്കൊപ്പമാണ് C5 എയര്‍ക്രോസ് അവതരിക്കുക. C5 മാത്രമല്ല, ഇനി വരാനിരിക്കുന്ന സിട്രണ്‍ കാറുകള്‍ മുഴുവന്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇതിന് പിന്നാലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിലേക്കും കമ്പനി വാഹനത്തെ അവതരിപ്പിക്കും. സെഡാന്‍ ശ്രേണിയിലേക്കും തങ്ങള്‍ വാഹനത്തെ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. CMP എന്ന പ്ലാറ്റ്ഫോമിലാകും ഈ വാഹനങ്ങള്‍ ഒക്കെ വിപണിയില്‍ എത്തുന്നതും.

കുറഞ്ഞ ചെലവില്‍ ഈ പ്ലാറ്റ്ഫോമില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കും. ലാറ്റിന്‍ അമേരിക്കന്‍ വിപണികളില്‍ ഈ പ്ലാറ്റ്ഫോം ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സിട്രണ്‍ C21 കോംപാക്ട് എസ്‌യുവി അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ C3 -ല്‍ നിന്നുള്ള ഡിസൈന്‍ ഹൈലൈറ്റുകള്‍ ഉള്‍ക്കൊള്ളും.

അതേസമയം വാഹനം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാകും വാഹനം വിപണിയില്‍ എത്തുക.

Comments are closed.