സൗദി അറേബ്യയില്‍ മലിനജല ടാങ്കില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ റിയാദിലെ മന്‍ഫുഅ ഡിസ്ട്രിക്റ്റില്‍ മലിനജല ടാങ്കില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ മരിച്ചു. സംഭവത്തില്‍ രണ്ട് സൗദി പൗരന്മാരും രണ്ട് യമനികളും ഈജിപ്തുകാരനുമാണ് മരിച്ചത്. കെട്ടിടത്തിലെ മലിനജല ടാങ്കിന്റെ മാന്‍ഹോള്‍ ഹൈഡ്രോഫ്ളൂറിക് ആസിഡ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് ടാങ്കില്‍ ഇറങ്ങിയ ഈജിപ്തുകാരന് ശ്വാസതടസം നേരിടുകയും ഇയാളെ രക്ഷിക്കുന്നതിന് ശ്രമിച്ച് ടാങ്കില്‍ ഇറങ്ങിയ യമനിയും ശ്വാസംമുട്ടി കുഴഞ്ഞുവീഴുകയായിരുന്നു.

പിന്നാലെ ഇരുവരെയും രക്ഷിക്കുന്നതിന് ശ്രമിച്ച മറ്റൊരു യമനിയും ടാങ്കില്‍ കുടുങ്ങി. അപകടസമയത്ത് യാദൃശ്ചികമായി ഇതിലൂടെ കടന്നുപോയ സൗദി പൗരന്‍ വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കുകയും ടാങ്കില്‍ കുഴഞ്ഞുവീഴുകയുകയും ചെയ്തു.

തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരില്‍ ഒരാളും ടാങ്കിനകത്ത് ശ്വാസംമുട്ടി കുഴഞ്ഞുവീണ് മരിച്ചു. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ പിന്നീട് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

Comments are closed.