വിമാനടിക്കറ്റ് ബുക്ക് ചെയ്ത തീയതി ലോക്ക് ഡൗണ്‍ കാലയളവിലാണെങ്കില്‍ ഇളവ് : കേന്ദ്രവ്യോമയാനമന്ത്രാലയം

കോഴിക്കോട്: വിമാനടിക്കറ്റ് ബുക്ക് ചെയ്ത തീയതിയും യാത്ര ചെയ്യേണ്ടിയിരുന്ന തീയതിയും ലോക്ക് ഡൗണ്‍ കാലയളവിലാണെങ്കില്‍ മുഴുവന്‍ റീഫണ്ട് അനുവദിക്കുമെന്ന് കേന്ദ്രവ്യോമയാനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ അടക്കമുള്ളവര്‍ ഇതോടെ വലിയൊരു തുക ക്യാന്‍സലേഷന്‍ ചാര്‍ജായി നല്‍കേണ്ട അവസ്ഥയിലാണ്.

പ്രവാസികള്‍ അടക്കം വിമാനയാത്ര ചെയ്യുന്ന പലരും മാസങ്ങള്‍ക്ക് മുന്നേ ടിക്കറ്റെടുത്ത് വയ്ക്കുന്നവരാണ്. കേന്ദ്രസര്‍ക്കാരിന്റെ വിചിത്ര ഉത്തരവ് മൂലം കയ്യിലുള്ള പണം പോവുക മാത്രമല്ല, ക്യാന്‍സലേഷന്‍ ചാര്‍ജും നല്‍കേണ്ടതാണ്. ഈ വര്‍ഷം മാര്‍ച്ച് 25 നും ഏപ്രില്‍ 14 നും ഇടയിലായിരിക്കണം ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്രാ തീയതി മാര്‍ച്ച് 25 നും മെയ് മൂന്നിനും ഇടയിലും.

അതായത് ലോക്ക് ഡൗണ്‍ പിന്‍വലിക്കുമെന്ന് കരുതി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ടിക്കറ്റ് തുക തിരികെ നല്‍കുകയുള്ളു. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ അടക്കമുള്ളവര്‍ ഇതോടെ വലിയൊരു തുക ക്യാന്‍സലേഷന്‍ ചാര്‍ജായി നല്‍കേണ്ടി വരും. ടിക്കറ്റ് റദ്ദാക്കാതെ മറ്റൊരു ദിവസത്തേക്ക് മാറ്റാമെന്ന് വച്ചാലും വിമാനക്കമ്പനികള്‍ക്ക് നിബന്ധനയുണ്ട്.

2021 മാര്‍ച്ച് 31 നകം യാത്ര ചെയ്തിരിക്കണം. പ്രവാസികള്‍ കൂടുതലും നാട്ടിലെത്തുന്ന ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലേക്കോ നാട്ടിലെ സ്‌കൂള്‍ അവധിക്കാലമായ ഏപ്രില്‍ – മെയ് മാസങ്ങളിലേക്കോ ടിക്കറ്റ് മാറ്റാനും സാധിക്കില്ല. എന്നാല്‍ ആകെ ആശ്വാസം രാജ്യത്തിനകത്ത് തന്നെ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത ആഭ്യന്തരയാത്രക്കാര്‍ക്ക് മാത്രമാണ്. അവര്‍ക്ക് മുഴുവന്‍ റീഫണ്ട് കിട്ടിയേക്കും.

Comments are closed.