പ്രവാസികളെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കണം ; ഇന്ന് രാജ്ഭവന് മുന്നില്‍ ധര്‍ണ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്രവാസികളെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

സാമൂഹിക അകലം പാലിച്ച് അടൂര്‍ പ്രകാശ് എംപി, എംഎല്‍എമാരായ വിഎസ് ശിവകുമാര്‍, കെഎസ് ശബരീനാഥന്‍, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ ധര്‍ണയില്‍ പങ്കെടുക്കുന്നതാണ്. അതേസമയം കാനഡ, യു എസ്, സിംഗപ്പൂര്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ പങ്കെടുക്കുന്ന കൊവിഡ് – 19 അന്താരാഷ്ട്ര പാനല്‍ ചര്‍ച്ച ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 7 മണിക്കാണ് നടക്കുന്ന സെമിനാറില്‍ കൊവിഡ് വ്യാപനം തടയാന്‍ വിവിധ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും ആരോഗ്യ വിദഗ്ധരുമായി കേരളത്തിലെ ആരോഗ്യ വിദഗ്ധര്‍ നടത്തുന്ന ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് അസോസിയേഷന്‍ ഓഫ് കേരളൈറ്റ് മെഡിക്കല്‍ ഗ്രാജുവേറ്റിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലും തത്സമയം ലഭ്യമാകും. സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. മെയ് മൂന്ന് വരെ ഗ്രീന്‍ സോണ്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Comments are closed.