സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരോടുള്ള പൊലീസിന്റെ സമീപനത്തില്‍ അടിയന്തര നടപടി എടുക്കണമെന്ന് ഉദ്യോഗസ്ഥര്‍

ഇടുക്കി: സിവില്‍ സപ്ലൈസ് വകുപ്പിനെ അവശ്യസര്‍വീസായി പ്രഖ്യാപിക്കാത്തതിനാല്‍ പൊലീസ് അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നുവെന്ന ആരോപണവുമായി സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. ഉദ്യോഗസ്ഥരെ പൊലീസ് വഴിയില്‍ തടയുന്നതിനാല്‍ സര്‍ക്കാര്‍ ഇടപെട്ട് അടിയന്തര നടപടി എടുക്കണമെന്നാണ് ആവശ്യം. റേഷന്‍ വിതരണം, പലവ്യജ്ഞന കിറ്റ് വിതരണം, പൂഴ്ത്തിവെപ്പ് കണ്ടെത്തല്‍ തുടങ്ങി നിരവധി ജോലികളാണ് വകുപ്പിനുള്ളത്.

87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആദ്യഘട്ട റേഷന്‍ വിതരണം പൂര്‍ത്തിയാക്കിയത് 10 ദിവസം കൊണ്ടാണ്. ഇതിനായി തിരക്കിട്ട് പണിയെടുക്കുന്ന ഉദ്യോഗസ്ഥരോടുള്ള പൊലീസിന്റെ സമീപനം പലിടത്തും മോശമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. റവന്യൂ, ലീഗല്‍ മെട്രോളജി തുടങ്ങിയ വകുപ്പുകള്‍ വരെ ഇടംപിടിച്ചിട്ടുള്ള സര്‍ക്കാരിന്റെ അവശ്യസര്‍വീസ് പട്ടികയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഇല്ല. അതിനാല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്ന ഉദ്യോഗസ്ഥരെ പൊലീസ് തടയുന്നു.

എന്നാല്‍ പൂഴ്ത്തിവെപ്പുണ്ടെന്ന പരാതി ലഭിച്ചാല്‍ പരിശോധനക്കായി പൊലീസ് വിളിച്ചുവരുത്തുന്നതും ഇതേ സിവില്‍ സപ്ലൈസ് വകുപ്പുകാരെയാണ്. അതിനാല്‍ ഈ സാഹചര്യത്തില്‍ രാപ്പകലില്ലാതെ പണിയെടുക്കുന്നവരുടെ മനോവീര്യം തകര്‍ക്കാതിരിക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം വകുപ്പിനെ അവശ്യസര്‍വീസായി പ്രഖ്യാപിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ഒരു മണിക്കൂറോളം പൊരിവെയിലത്ത് പൊലീസ് തടഞ്ഞു നിര്‍ത്തിയ അനുഭവമുണ്ടെന്ന് സിവല്‍ സപ്ലൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഷിജു തങ്കപ്പന്‍ വ്യക്തമാക്കി.

Comments are closed.