കൊവിഡ് സാഹചര്യം വിലയിരുത്താന്‍ രണ്ടാം കേന്ദ്ര സംഘം ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെത്തും
ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിലെ സാഹചര്യം വിലയിരുത്തുന്നതിനായി രണ്ടാം കേന്ദ്ര സംഘം ഇന്ന് ഗുജറാത്ത്, തെലങ്കാന, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെത്തും. തുടര്‍ന്ന് അഹമ്മദാബാദ്, സൂറത്ത്, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലെ സാഹചര്യങ്ങള്‍ സംഘം വിലയിരുത്തും. അതേസമയം പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിസ്സഹകരണം മൂലം സന്ദര്‍ശനം ലക്ഷ്യം കാണുന്നില്ലെന്ന് ആദ്യമയച്ച കേന്ദ്ര സംഘം അറിയിച്ചിരുന്നു.
എന്നാല്‍ 24 മണിക്കൂറിനിടെ 1752 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4748 പേരുടെ രോഗം ഭേദമായി. 20.5 ശതമാനമാണ് രോഗമുക്തി നേടുന്നത്. കേരളത്തിലൊഴികെ നേരത്തെ പ്രഖ്യാപിച്ച ഗ്രീന്‍ സോണുകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നത്. അതേസമയം രാജ്യത്തെ ചില ജില്ലകളില്‍ ലോക്ക്ഡൗണ്‍ നിയമലംഘനം സംബന്ധിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മന്ത്രിതല സംഘത്തിന് രൂപം നല്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങള്‍, പൊലീസുകാരെ ആക്രമിക്കല്‍, പൊതുസ്ഥലങ്ങളില്‍ സാമൂഹ്യഅകലം പാലിക്കാതിരിക്കല്‍, നിരീക്ഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനെ തടസപ്പെടുത്തല്‍ തുടങ്ങിയ സംഭവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിതല സംഘത്തില്‍ രണ്ടെണ്ണം ഗുജറാത്തിലേക്കും ഓരോന്ന് വീതം തെലങ്കാന, തമിഴ്നാട്, മഹരാഷ്ട്ര എന്നിവിടങ്ങളിലേക്കുമാണ് നിയോഗിക്കുക. മുംബൈയിലേക്കും പൂനെയിലേക്കും നേരത്തെ നിയോഗിച്ച് സംഘത്തെ വിപുലീകരിച്ചാണ് മഹാരാഷ്ട്രയില്‍ നിയോഗിക്കുക. പരാതി ഉയര്‍ന്നിട്ടുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി സംസ്ഥാന സര്‍ക്കാരിന് വേണ്ട പരിഹാരനിര്ദേശങ്ങള് നല്‍കും.
അതേസമയം, ലോക്ക്ഡൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ഇളവ് പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കി. ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ നഗരപരിധിക്ക് പുറത്തുള്ള, കടകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂ എന്ന കര്‍ശന നിബന്ധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments are closed.