യുഎഇയില്‍ കൊവിഡ് മരണം 64 ; ആകെ രോഗബാധിതരുടെ എണ്ണം 9281 ആയി

ദുബായ്: യുഎഇയില്‍ എട്ട് പേര്‍ കൂടി മരിച്ചതോടെ കൊവിഡ് മരണം 64 ആയി. ആകെ രോഗബാധിതരുടെ എണ്ണം 9281 ആയി. എന്നാല്‍ വെള്ളിയാഴ്ച 123 പേര്‍ രോഗമുക്തരായി. രോഗവിമുക്തി നേടിയവര്‍ ഇപ്പോള്‍ 1760 ആയി. 32,000 പേരില്‍ നടത്തിയ പരിശോധനകളില്‍ നിന്നാണ് പുതിയ കേസുകള്‍ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ദുബായില്‍ ജോലിചെയ്യുകയായിരുന്ന തൃശ്ശൂര്‍ ചേറ്റുവ സ്വദേശി ഷംസുദ്ദീനും കുട്ടനാട് സ്വദേശി ജേക്കബ് തോമസമടക്കം എട്ടുപേരാണ് ഇന്ന് യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം, ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മലയാളികളടക്കം 14 പേര്‍ മരിച്ചു. ഗള്‍ഫില്‍ ആകെ മരണം 234ആയി. രോഗബാധിതരുടെ എണ്ണം 38,000 കടന്നു. സൗദി അറേബ്യയില്‍ 24മണിക്കൂറിനിടെ 1172 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 127ആയി ഉയര്‍ന്നു. ഗള്‍ഫില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

തുടര്‍ന്ന് വിമാനടിക്കറ്റ് റീ ഫണ്ട് മുഴുവന്‍ തുക തിരിച്ചു നല്‍കാന്‍ വിമാനകമ്പനികളോട് ആവശ്യപ്പെടും, കൊവിഡ് കാലത്ത് ബുക്ക് ചെയ്തവര്‍ക്ക് മാത്രം റീഫണ്ടെന്ന വ്യവസ്ഥമാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഇന്നും വിമാനകമ്പനികള്‍ തയ്യാറായില്ല. ഇതിനെതിരെ ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ പ്രതിഷേധം ആരംഭിച്ചു.

Comments are closed.