കുവൈത്തില്‍ പുതിയതായി 215 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; ആകെ കൊവിഡ് മരണം 15 ആയി

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയതായി 215 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 85 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ കൊവിഡ് ബാധിതരായ ആകെ ഇന്ത്യക്കാരുടെ എണ്ണം 1395 ആയി. ആകെ കൊവിഡ് മരണം 15 ആയി. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 2614 ആയി. അതേസമയം പുതിയ രോഗികളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 198 പേര്‍ക്കു നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്.

വിവിധ രാജ്യക്കാരായ 10 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ ഏഴ് കുവൈത്തികള്‍ക്കും ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചു. എന്നാല്‍ വെള്ളിയാഴ്ച ഒരു മരണം കൂടി സ്ഥിരീകരിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന 55 വയസ്സുള്ള ബംഗ്ലാദേശ് പൗരനാണ് മരിച്ചത്.

ചികിത്സയിലുണ്ടായിരുന്നവരില്‍ 115 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 613 ആയി. നിലവില്‍ 1986 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 60 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 27 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വ്യക്തമാക്കി.

Comments are closed.