പ്രവാസികളെ തിരികെയെത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു

ന്യുഡല്‍ഹി: കൊവിഡ് പ്രതിരോധത്തെത്തുടര്‍ന്നുള്ള ലോക്ഡൗണില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. എന്നാല്‍ പ്രവാസികള്‍ എത്തിയാല്‍ സംസ്ഥാനങ്ങള്‍ നടത്തിയ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ചോദിച്ചുകൊണ്ടാണ് കത്ത്.

തുടര്‍ന്ന് വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള പ്രവാസികളുടെ കണക്ക് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. അതുകൂടി കണക്കിലാക്കിയാവും കേന്ദ്രം തീരുമാനമെടുക്കുന്നത്. അതേസമയം നാട്ടില്‍ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനകളും കോടതിയെ സമീപിച്ചിരുന്നു.

കോടതിയിലും സംസ്ഥാനം അനുകൂല നിലപാടാണ് എടുത്തിരുന്നത്. എന്നാല്‍ ലോക്ഡൗണിനു ശേഷം പരിഗണിക്കാനായി ഹര്‍ജികള്‍ മാറ്റിവയ്ക്കുകയാണുണ്ടായത്. എന്നാല്‍ കേന്ദ്ര നിലപാട് സ്വാഗതാര്‍ഹമാണെന്നും പ്രവാസികളെ താമസിപ്പിക്കാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി കെ.ടി ജലീല്‍ വ്യക്തമാക്കി.

Comments are closed.