സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവില്‍ ഇനി ഒരു പുനപരിശോധനയും ഇല്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവില്‍ ഇനി ഒരു പുനപരിശോധനയും ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. എന്നാല്‍ ശമ്പളം പിടിക്കാന്‍ തീരുമാനം സര്‍ക്കാര്‍ എടുത്തതാണ്. സാലറി ചലഞ്ച് എന്ന ആശയത്തോട് പ്രതിപക്ഷമടക്കം പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനം സര്‍ക്കാരിന് എടുക്കേണ്ടിവന്നതെന്നും ധനമന്ത്രി അറിയിച്ചു. പിടിച്ചെടുക്കുന്ന ശമ്പളം തിരിച്ച് കൊടുക്കും.

അത് എങ്ങനെ വേണമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. പിടിച്ചെടുക്കുന്ന ശമ്പളം തിരിച്ച് കൊടുക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ചിലര്‍ക്കു പിഎഫില്‍ ലയിപ്പിക്കും. അതെല്ലാം അന്നത്തെ സാമ്പത്തിക സ്ഥിതി പരിഗണിച്ചു ചെയ്യും. എങ്ങനെ തിരിച്ച് കൊടുക്കും എന്ന് ആലോചിക്കാന്‍ ഇനിയും ആറ് മാസം ഉണ്ടെന്നും അദ്ദേഹം പറയുന്നു.

കേന്ദ്രത്തില്‍ നിന്ന് വ്യത്യസ്തമായ നടപടിയാണ് കേരളത്തില്‍ സ്വീകരിച്ചത്. അവിടെ ഡി എ കട്ട് ചെയ്യുകയാണ് ചെയ്തത്. സംസ്ഥാനം ഡി എ കുടിശിക നല്‍കും. സര്‍ക്കാര്‍ ഓര്‍ഡര്‍ കത്തിച്ചു കൊണ്ടുള്ള അദ്ധ്യാപക സംഘടനയുടെ പ്രതിഷേധം അതിര് കടന്നതാണ്. വേതനം ഇല്ലാതെ സാധാരണക്കാര്‍ വീട്ടിലിരിക്കുമ്പോളാണ് അദ്ധ്യാപക സംഘടനകള്‍ ശമ്പളം പിടിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നത് എന്നും ധനമന്ത്രി വ്യക്തമാക്കി.

Comments are closed.