മഹീന്ദ്ര തങ്ങളുടെ ആള്‍ട്യുറാസ് G4 ബിഎസ് VI പതിപ്പിനെ ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കും
ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നീ മോഡലുകള്‍ കളംവാഴുന്ന പ്രീമിയം എസ്യുവി ശ്രേണിയിലേക്കാണ് ആള്‍ട്യുറാസ് G4 -നെ മഹീന്ദ്ര അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി വാഹനത്തിന്റെ ടീസര്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ഇടംപിടിച്ചു.
നിലവില്‍ ബിഎസ് IV നിലവാരത്തിലുള്ള 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ എഞ്ചിന് 181 bhp പവറും 420 Nm torque ഉം ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇടംപിടിച്ചിരിക്കുന്നത്.
ടു വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡുകളും വാഹനത്തിന്റെ സവിശേഷതയാണ്. അതേസമയം പുതിയ ബിഎസ് VI പതിപ്പിന്റെ എഞ്ചിന് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
പുതിയ പതിപ്പില്‍ ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അലോയി വീലുകള്‍ക്ക് പുതിയ ഡിസൈനും, ഡ്യുവല്‍ ടോണ്‍ നിറവും നല്‍കിയേക്കും. അതിനൊപ്പം തന്നെ 7-സ്ലാറ്റ് വെര്‍ട്ടിക്കിള്‍ ഗ്രില്ലിന്റെ വലിപ്പം കമ്പനി വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ ബമ്പറും വാഹനത്തിന്റെ സവിശേഷതയായിരിക്കും. അകത്തളത്തില്‍ കമ്പനി മാറ്റങ്ങള്‍ ഉള്പ്പെടുത്തിയേക്കുമോ എന്നതിനെക്കുറിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. സാങ്യോങ് റെക്സ്റ്റണ്‍ G4 അടിസ്ഥാനത്തിലാണ് ആള്‍ട്യുറാസ് G4 -ന്റെ നിര്‍മാണം.
രൂപത്തിലും ഈ സാദൃശ്യം പ്രകടമാണ്. കമ്പനിയുടെ ചാകന് പ്ലാന്റിലാണ് ഇതിന്റെ നിര്‍മാണം നടക്കുക. വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഇലക്ട്രിക്ക് സണ്‍റൂഫ്, എന്നിവയാണ് വാഹനത്തിന്റെ പുറമേ ഉള്ള സവിശേഷതകള്‍.
ആഡംബരം നിറച്ചാണ് വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. ലെതര്‍ ഫിനീഷ് ഡാഷ് ബോര്‍ഡ്, 9.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഏഴ് ഇഞ്ച് എല്‍ഇഡി മീറ്റര്‍ കണ്‍സോള്‍ എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.
ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ട്രാക്ഷന്‍ കണ്ട്രോള്, ഹില്‍ ഡിസെന്റ് കണ്ട്രോള്, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് എന്നിവയാണ് വാഹനത്തിലെ സുരക്ഷാ സന്നാഹങ്ങള്‍.
വില സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് 27.7 ലക്ഷം മുതല്‍ 30.7 ലക്ഷം രൂപ വരെയാണ് എക്സഷോറും വില.
Comments are closed.