ബിഎസ് VI സ്‌കോര്‍പിയോയുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

KUV 100 NXT ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിഎസ് VI സ്‌കോര്‍പിയോയുടെ ഓണ്‍ലൈന്‍ ബുക്കിങ് കമ്പനി ആരംഭിച്ചിരിക്കുന്നത്. 5,000 രൂപ നല്‍കി ആവശ്യക്കാര്‍ക്ക് ഇപ്പോള്‍ വാഹനം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. S5, S7, S9, S11 എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

അതേസമയം പ്രാരംഭ പതിപ്പായിരുന്ന S3, ഉയര്‍ന്ന പതിപ്പായിരുന്ന S11 ഓള്‍വീല്‍ ഡ്രൈവ് എന്നീ വകഭേദങ്ങളെ സ്‌കോര്‍പിയോ നിരയില്‍ നിന്നും ഒഴിവാക്കി. ഈ പതിപ്പുകള്‍ പിന്‍വലിക്കുന്നതിനൊപ്പം 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും നിര്‍ത്തലാക്കും.

ഈ എഞ്ചിന്‍ ബിഎസ് VI -ലേക്ക് നവീകരിക്കില്ലെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ എഞ്ചിന്‍ 75 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. പകരം എംഹോക്ക് ശ്രേണിയില്‍ നിന്നുള്ള 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാകും പുതിയ വാഹനത്തിന് കരുത്ത് നല്‍കുക.

ഈ എഞ്ചിന്‍ 3,750 rpm -ല്‍ 140 bhp കരുത്തും 1,500-2,800 rpm -ല്‍ 320 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. കാഴ്ചയില്‍ പുതിയ വാഹനത്തിന് വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ മാറ്റം ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്.

വരും വര്‍ഷം സ്‌കോര്‍പിയോയുടെ പുതുതലമുറ പതിപ്പിനെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീങ്ങി ആഴ്ച്ചകള്‍ക്കകം തന്നെ ഈ വാഹനം വിപണിയിലെത്തി തുടങ്ങുമെന്നാണ് സൂചനകള്‍.

വില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. എങ്കിലും നിലവിലുള്ള മോഡലിന് സമാനമായിരിക്കും പുതിയ പതിപ്പിന്റെയും വില. ഇത് ബൊലേറോയുടെ ബിഎസ് VI മോഡലില്‍ കണ്ട അതേ തന്ത്രമാണ്. നിലവില്‍ 12.4 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

Comments are closed.