തൃശൂര്‍ പൂരം കൊടിയേറ്റം ഇന്ന് ; ചടങ്ങില്‍ അഞ്ച് പേരില്‍ കൂടുതല്‍ പങ്കെടുപ്പിക്കില്ല

തൃശൂര്‍: തൃശൂര്‍ പൂരം കൊടിയേറ്റം ഇന്ന് നടക്കും. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാകുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂര്‍ണമായി ഉപേക്ഷിച്ചെങ്കിലും കൊടിയേറ്റം നടത്താനാണ് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

കൊടിയേറ്റ് ചടങ്ങില്‍ അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്ന് ജില്ലാ ഭരണകൂടവും പൊലീസും നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് തിരുവമ്പാടിയില്‍ 11.30 നും പാറമേക്കാവില്‍ 12 മണിക്കുമാണ് ചടങ്ങ് നടക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂര്‍ണമായി ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനോട് എല്ലാ ദേവസ്വങ്ങളും അനുകൂല നിലപാടാണ് സ്വീകരിച്ചത്.

എന്നാല്‍ കൊടിയേറ്റം സാധാരണ പോലെ നടത്താനാണ് ദേവസ്വം പിന്നീട് തീരുമാനിക്കുകയായിരുന്നു. ചടങ്ങില്‍ അഞ്ച് പേരില്‍ കൂടുതല്‍ പങ്കെടുപ്പിക്കില്ല. എല്ലാ സുരക്ഷാമുന്‍കരുതലും സ്വീകരിച്ചാണ് പരിപാടി നടത്തുന്നതെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Comments are closed.