തമിഴ്‌നാട്ടില്‍ നിന്ന് ആളുകളെ കേരള അതിര്‍ത്തി കടത്തിവിടാന്‍ തമിഴ് ഏജന്റുമാര്‍ ; രണ്ടാഴ്ചയ്ക്കിടെ 10 പേര്‍ ഇടുക്കിയിലെത്തി

നെടുങ്കണ്ടം : ലോക്ഡൗണിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കുടുങ്ങിയ ആളുകളെ കേരള അതിര്‍ത്തി കടത്തിവിടാന്‍ 2500 മുതല്‍ 3000 രൂപ വരെ വാങ്ങി തമിഴ് ഏജന്റുമാര്‍. ഇങ്ങനെ രണ്ടാഴ്ചയ്ക്കിടെ 10 പേരാണ് ഇടുക്കിയിലെത്തിയത്. ലോക്ഡൗണിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കുടുങ്ങിയവരും ഉദ്യോഗാര്‍ഥികളുമാണ് ഏജന്റുമാരുടെ സഹായത്തോടെ തമിഴ്‌നാട്ടില്‍ നിന്നു കാട്ടുവഴികളിലൂടെ ഇടുക്കി ജില്ലയില്‍ എത്തിയത്.

പണം നല്‍കിയാല്‍ അതിര്‍ത്തി കടക്കാനുള്ള പാസ് വരെ ഏജന്റുമാര്‍ നല്‍കും. തുടര്‍ന്ന് കേരളത്തിലെ സ്‌പെഷല്‍ ബ്രാഞ്ചും തമിഴ്‌നാട്ടിലെ ക്യു ബ്രാഞ്ചും അന്വേഷണം തുടങ്ങി. ചാണകം, ചുണ്ണാമ്പ്, വൈക്കോല്‍, കപ്പ എന്നിവ കയറ്റിയ ലോറികളില്‍ അതിര്‍ത്തി കടന്ന് കേരളത്തില്‍ എത്തിയ 6 പേരെ നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുമെന്ന് മന്ത്രി എം.എം. മണി നെടുങ്കണ്ടത്തെ അവലോകന യോഗത്തില്‍ അറിയിച്ചു. തുടര്‍ന്ന് ചെന്നൈയില്‍ നിന്നു വാഹനം വാടകയ്‌ക്കെടുത്ത് കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചെക്‌പോസ്റ്റിലെത്തിയവരെ ആരോഗ്യ വകുപ്പും പൊലീസും തടഞ്ഞിരുന്നു. ഇതോടെ ഇവര്‍ ഇടുക്കിയിലെ കമ്പംമെട്ട് ചെക്‌പോസ്റ്റ് വഴി കടക്കാനും ശ്രമം നടത്തി.

ഇവിടെ ഇവരെ ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്നു പിടികൂടി നിരീക്ഷണത്തിലാക്കി. അതേസമയം ഊടുവഴികളിലൂടെയുള്ള കടന്നുകയറ്റം തടയാന്‍ ഉടുമ്പന്‍ചോലയിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ ജനകീയ സമിതികള്‍ 24 മണിക്കൂര്‍ നിരീക്ഷണം തുടങ്ങി. അതേസമയം, അതിര്‍ത്തി ഗ്രാമത്തിലെ ഏലത്തോട്ടത്തില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്‌പൈസസ് ബോര്‍ഡ് ജോയിന്റ് ഡയറക്ടറുടെ കത്തുമായി ഇന്നലെ ബോഡിമെട്ട് അതിര്‍ത്തിയില്‍ എത്തിയ 7 തോട്ടം ഉടമകളെ പൊലീസ് മടക്കി അയച്ചു.

Comments are closed.