സ്വന്തം പ്രയാസങ്ങൾ മാറ്റിവച്ച് ദുരിതാശ്വാസ നിധിയിലേക്ക് ആടിനെ വിറ്റ് തുക നല്കി 60 വയസ്കാരി സുബൈദ.
കൊല്ലം: ജീവിത പ്രാരാബ്ദങ്ങള്‍ക്ക് ഇടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് ആഗ്രഹിച്ചിരുന്ന സുബൈദ അതിന് വഴി കണ്ടത് ജീവിതോപാധിയായ ആടിനെ വിറ്റ്.
കൊല്ലം പോര്‍ട്ട് ഓഫീസിന് സമീപം ചായക്കട നടത്തുന്ന പോര്‍ട്ട് കൊല്ലം സംഗമം നഗര്‍-77 ലെ സുബൈദ(60 )യാണ് ആടിനെ വിറ്റ് കിട്ടിയ തുകയില്‍ നിന്ന് 5510 രൂപ കൊല്ലം ജില്ലാ കളക്ടർ ബി.അബ്ദുൽ നാസറിന് കൈമാറിയത്.
ഹൃദ്രോഗ ബാധിതനായി ഓപ്പറേഷന് വിധേയനായ ഭര്‍ത്താവ് അബ്ദുള്‍ സലാമിനും ഹൃദ്രോഗിയായ സഹോദരനുമൊപ്പം പോര്‍ട്ട് കൊല്ലത്താണ് സുബൈദയുടെ താമസം.
മൂന്നു മക്കള്‍ വിവാഹിതരായി മുണ്ടയ്ക്കലില്‍ താമസിക്കുന്നു.
ദിവസവും മുടങ്ങാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കാണുന്ന സുബൈദ കുട്ടികള്‍ വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് അറിഞ്ഞതു മുതല്‍ മനസ്സിൽ സൂക്ഷിച്ചതാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നത്.
എന്നാൽ ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം ചായക്കടയില്‍ കച്ചവടവും കുറഞ്ഞതിനാൽ സംഭാവന എങ്ങനെ നൽകുമെന്ന് ആലോചിച്ച് വിഷമത്തിലായി ഒടുവിൽ ഭര്‍ത്താവിന്റ പൂര്‍ണ പിന്തുണയോടെ സുബൈദ താൻ വളര്‍ത്തിയിരുന്ന ആടുകളില്‍ നിന്നും രണ്ടെണ്ണത്തിനെ വിറ്റത്.
ആടിനെ വിറ്റപ്പോള്‍ കിട്ടിയ പന്ത്രണ്ടായിരം രൂപയിൽ നിന്ന് 5510 രൂപ ദുരിതാശ്വാസ നിധിയിലേക്കും അയ്യായിരം വാടക കുടിശ്ശികയും, രണ്ടായിരം രൂപ കറണ്ട് ചാര്‍ജ്ജ് കുടിശ്ശികയും നല്കി.
ഹൃദ്രോഗികളായ ഭാര്‍ത്താവിനും അനുജനും മുഴുവന്‍ സമയം കടയില്‍ ജോലി ചെയ്യാനും ആവതില്ല. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കണമെന്നത് സുബൈദയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു.അടിനെ വിറ്റായാലും ഒടുവില്‍ ആഗ്രഹം സഫലമായ ചാരിതാര്‍ത്ഥ്യത്തിലാണ് സുബൈദ.
മഹാമാരി മൂലം വിഷമത്തിലായ ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി സമൂഹത്തിലെ എല്ലാവരും ആവുന്നവിധം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് സുബൈദ അഭ്യർഥിച്ചു.
ഷിബു കൂട്ടുംവാതുക്കൽ
Comments are closed.