ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ റോഡ് മാര്‍ഗം യാത്ര ചെയ്യുന്നത് 2000 കിലോമീറ്റര്‍

കൊല്‍ക്കത്ത: ലോക്ക്ഡൗണിനിടയില്‍ മറ്റ് സര്‍വ്വീസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ രണ്ട് ജഡ്ജിമാര്‍ റോഡ് മാര്‍ഗം യാത്ര ചെയ്യുന്നത് 2000 കിലോമീറ്ററാണ്. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ബോംബേ ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ചുമതല ഏല്‍ക്കുന്നത്.

അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബിശ്വനാഥ് സോമാദര്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായും ചുമതലയേല്‍ക്കും. അതേസമയം പ്രസിഡന്റ് രാംനാഥ് കോവിന്ദ് വ്യാഴാഴ്ചയാണ് ഇരുവരെയും ഹൈക്കോടതി ചീഫ്ജസ്റ്റിസ്മാരായി ഉയര്‍ത്തിയത്.

ജസ്റ്റിസ് ദീപാങ്കര്‍ ദത്ത മകനൊപ്പം യാത്ര തുടങ്ങി. ജസ്റ്റിസ് ദത്ത ശനിയാഴ്ച രാവിലെയാണ് കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹം മുംബൈയില്‍ എത്തിച്ചേരും. ജസ്റ്റിസ് ബിശ്വനാഥ് സോമാദര്‍ കൊല്‍ക്കത്ത വഴിയാണ് ഷില്ലോങ്ങിലേക്ക് പോകുന്നത്.

അതേസമയം അലഹബാദിലേക്ക് മാറ്റുന്നതിനുമുമ്പ് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം വെള്ളിയാഴ്ച വൈകുന്നേരമാണ് ഭാര്യയോടൊപ്പം ഔദ്യോഗിക കാറില്‍ യാത്ര പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് അദ്ദേഹം മേഘാലയയുടെ തലസ്ഥാന നഗരത്തില്‍ എത്തിച്ചേരും.

Comments are closed.