നടന്‍ മണികണ്ഠന്‍ വിവാഹിതനായി ; അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്തു

നടന്‍ മണികണ്ഠന്‍ വിവാഹിതനായി. തൃപ്പൂണിത്തുറയിലെ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ നടന്ന വിവാഹത്തിന് അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തൃപ്പൂണിത്തുറ പേട്ട സ്വദേശി അഞ്ജലിയാണ് മണികണ്ഠന്റെ വധു. അതേസമയം വിവാഹച്ചെലവിലേക്ക് മാറ്റിവച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനാണ് തീരുമാനമെന്ന് മണികണ്ഠന്‍ നേരത്തേ അറിയിച്ചിരുന്നു.

വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തിലെത്തിയ എം സ്വരാജ് എംഎല്‍എ ദുരിതാശ്വാസനിധിയിലേക്കുള്ള തുക മണികണ്ഠനില്‍ നിന്ന് ഏറ്റുവാങ്ങി. പൊരുതുന്ന കേരളത്തിനുള്ള ഐക്യദാര്‍ഢ്യമാണ് മണികണ്ഠന്റെ തീരുമാനമെന്നായിരുന്നു എം സ്വരാജ് പറഞ്ഞത്. അതേസമയം ആറ് മാസം മുന്‍പ് തീരുമാനിച്ച വിവാഹത്തീയതി കൊറോണയുടെ പശ്ചാത്തലത്തില്‍ മാറ്റിവെക്കേണ്ടെന്നായിരുന്നു വധൂവരന്മാരുടെയും ഇരുവരുടെയും ബന്ധുക്കളുടെയും തീരുമാനം. തുടര്‍ന്നാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് വിവാഹം നടത്തിയത്.

Comments are closed.