50 പേരെ ചേര്‍ത്തുകൊണ്ട് ഫേസ്ബുക്കിന്റെ പുതിയ മെസഞ്ചര്‍ റൂംസ് ഗ്രൂപ്പ് വീഡിയോ കോള്‍

കെറോണ വൈറസ് കാരണം പല രാജ്യങ്ങളും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകൾ വീട്ടിൽ കഴിയുന്ന ഈ അവസരത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്കും സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാനുമായി ആളുകൾ ആശ്രയിക്കുന്നത് വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളെയാണ്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളിലെ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഫേസ്ബുക്കിന്റെ പുതിയ മെസഞ്ചർ റൂംസ് ഗ്രൂപ്പ് വീഡിയോ കോളിന് വേണ്ടി ഉണ്ടാക്കിയ പ്രത്യേക പ്ലാറ്റ്ഫോമാണ്. ഇതിലൂടെ 50 പേരെ വരെ ചേർത്തുകൊണ്ട് ഗ്രൂപ്പ് വീഡിയോ കോളുകൾ ചെയ്യാൻ സാധിക്കും. ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാത്ത ആളുകൾക്കും ഈ സേവനം ലഭ്യമാകും. ഒരാൾ ക്രിയേറ്റ് ചെയ്യുന്ന റൂമിലേക്ക് മറ്റുള്ളവരെ ലിങ്ക് വഴി ക്ഷണിക്കുന്ന സൂമിന് സമാനമായ രീതി തന്നെയാണ് മെസഞ്ചർ റൂമിൽ ഫേസ്ബുക്ക് നൽകിയിരിക്കുന്നത്.

സൂമിൽ നിന്നും മെസഞ്ചർ റൂമിനെ വ്യത്യസ്തമാക്കുന്നത് ഇതിൽ കോളുകൾക്ക് സമയ പരിധിയില്ല എന്നതാണ്. മെസഞ്ചർ ആപ്ലിക്കേഷനിലൂടെ റൂമിലേക്ക് കയറുകയാണെങ്കിൽ നിങ്ങൾക്ക് AR ഇഫക്റ്റുകളും ഇമേഴ്‌സീവ് ബാഗ്രൌണ്ടുകളും മൂഡ് ലൈറ്റിംഗും പോലുള്ള സവിശേഷതൾ കോളിങിനിടെ ഉപയോഗിക്കാൻ സാധിക്കും. ഒരു റൂമിന്റെ ക്രിയേറ്റർക്ക് റൂമിൽ ചേരാൻ മറ്റുള്ളവർക്ക് അനുമതി കൊടുക്കാനോ ആളകളെ ചേർക്കാനോ സാധിക്കും.

ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യുന്നതിനിടെ പങ്കെടുത്തുന്നതിൽ ഒരാളെ കോളിൽ നിന്നും പുറത്താക്കാനും മറ്റുള്ളവരെ കോളിലേക്ക് കയറാൻ അനുവദിക്കാതെ റൂം ലോക്ക് ചെയ്യാനും അത് ക്രിയേറ്റ് ചെയ്ത ആൾക്ക് സാധിക്കും. ഉപയോക്താക്കൾക്ക് ഗ്രൂപ്പ് വീഡിയ കോളിനിടെ കോളിൽ നിന്നും പുറത്ത് കടക്കാൻ എപ്പോൾ വേണമെങ്കിലും സാധിക്കും. ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ക്രിയേറ്റ് ചെയ്യുന്ന ഗ്രൂപ്പുകൾ സ്ഥിരമായി ആ ഗ്രൂപ്പിലെ മെമ്പർമാർക്ക് ഓപ്പൺ ആയി ലഭിക്കും.

റൂംസ് സവിശേഷത എൻഡ്-ടു-എൻഡ് എൻ‌ക്രിപ്റ്റഡ് അല്ല. കാരണം കൂടുതൽ ആളുകളുമായി വീഡിയോ കോളിംഗ് ഓപ്ഷൻ നൽകുമ്പോൾ അതിൽ എൻ‌ക്രിപ്ഷൻ നൽകുന്നതിന് സാങ്കേതികമായി ചില തടസ്സങ്ങളുണ്ട്. എന്തായാലും ഭാവിയിൽ എൻക്രിപ്ഷൻ സവിശേഷത ഇതിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. കോളിൾ പങ്കെടുക്കുന്നവർക്കും ഫേസ്ബുക്ക് സെർവറുകൾക്കുമിടയിൽ റൂം കണ്ടന്റ് എൻ‌ക്രിപ്റ്റ് ചെയ്തിട്ടുണ്ട്. പുറത്തു നിന്നുള്ള ആരും ഓഡിയോ, വീഡിയോ കോളുകൾ കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ലെന്ന് ഫേസ്ബുക്ക് ഉറപ്പാക്കിയിട്ടുണ്ട്.

Comments are closed.