പ്രവാസികള്‍ക്കായുളള നോര്‍ക്കയുടെ രജിസ്‌ട്രേഷന്‍ തുടങ്ങുമ്പോള്‍ ഇന്നലെ മാത്രം 1.47 ലക്ഷം രജിസ്‌ട്രേഷന്‍

തിരുവനന്തപുരം: പ്രവാസികള്‍ക്കായുളള നോര്‍ക്കയുടെ രജിസ്‌ട്രേഷന്‍ അര്‍ദ്ധരാത്രി മുതല്‍ തുടങ്ങാനിരുന്നത് സാങ്കേതിക കാരണങ്ങളാല്‍ വൈകിയാണ് തുടങ്ങിയത്. എന്നാല്‍ ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചു കൊണ്ട് വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത്. ഇന്ന് രാവിലെ ആറര വരെ 1.47 ലക്ഷം പേര്‍ വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തു.

പ്രവാസികളെ മടക്കി കൊണ്ടു വരുന്ന കാര്യത്തില്‍ ഇതുവരെ മൗനം പാലിച്ച കേന്ദ്രം പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചതോടെയാണ് സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്‌സ് മടങ്ങി വരാന്‍ താത്പര്യപ്പെടുന്നവരുടെ രജിസട്രേഷന്‍ തുടങ്ങിയത്. ഒരുലക്ഷം പേരെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു കേരളം കേന്ദ്രത്തെ നേരത്തെ അറിയിച്ചത്.

എന്നാല്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസട്രേഷന്‍ തുടങ്ങി ആദ്യമണിക്കൂറുകളില്‍ തന്നെ ഒന്നരലക്ഷത്തോളം പ!േ!ര്‍ മടങ്ങി വരാന്‍ താത്പര്യമറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്തതോടെ പ്രവാസികളുടെ വന്‍തോതിലുള്ള മടങ്ങി വരവുണ്ടാകും. www.registernorkaroots.org എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍. അതേസമയം തിരിച്ചെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിനുമാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യ പരിഗണന എന്നില്ല. അത് കൊണ്ട് ആരും തിരക്ക് കൂട്ടേണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഗര്‍ഭിണികള്‍, പലതരം രോഗമുള്ളവര്‍ , സന്ദര്‍ശക വിസയില്‍ പോയവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്‌ട്രേഷനും നോര്‍ക്ക ഉടന്‍ തുടങ്ങും. ഇതിനിടെ തമിഴ്‌നാട്, കര്‍ണ്ണാടക അതിര്‍ത്തികളില്‍ വനംവകുപ്പിന്റെ കൂടി സഹായത്തോടെ പരിശോധന കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Comments are closed.