പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനങ്ങള്‍ ; സാധാരണ വിമാനസര്‍വ്വീസ് ആദ്യം തുടങ്ങുക ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്

ദില്ലി: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനങ്ങള്‍ പരിഗണനയിലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ സാധാരണ വിമാനസര്‍വ്വീസ് ആദ്യം തുടങ്ങുക ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായിരിക്കുമെന്നും ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി. മടക്കത്തിനുള്ള വിമാന നിരക്ക് പ്രവാസികള്‍ തന്നെ നല്‍കേണ്ടി വരുമെന്നാണ് സൂചന ലഭിക്കുന്നത്.

സന്ദര്‍ശക വിസയില്‍ പോയി കുടുങ്ങിയവരും വിദ്യാര്‍ത്ഥികളുമുണ്ട്. കൊവിഡ് സാഹചര്യം രൂക്ഷമായ രാജ്യങ്ങളില്‍ നിന്ന് ഇവരെ സാധാരണ വിമാന സര്‍വ്വീസ് സാധ്യമല്ല. ഈ സാഹചര്യത്തില്‍ പ്രത്യേക വിമാനങ്ങളാണ് ആവശ്യം. എന്നാല്‍ ഗള്‍ഫിലുള്ള പ്രവാസികള്‍ക്ക് ഉള്‍പ്പടെ ഇന്ത്യയില്‍ വരാന്‍ പ്രത്യേക വിമാനങ്ങള്‍ പ്രായോഗികമല്ല.

സാധാരണ വിമാനസര്‍വ്വീസ് ഏതൊക്കെ രാജ്യങ്ങളില്‍ നിന്ന് തുടങ്ങാം എന്ന് ആദ്യം തീരുമാനിക്കും. ചില പ്രത്യേക ഘട്ടങ്ങളിലൊഴികെ വിമാനസര്‍വ്വീസിനുള്ള തുക മടങ്ങുന്നവര്‍ തന്നെ നല്കണം. അതേസമയം ഇന്ത്യയിലേക്കയച്ച മൂന്ന് മൃതദ്ദേഹം ദില്ലിയില്‍ ഇറക്കാതെ തിരിച്ചയച്ചു എന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ സ്ഥിരീകരിച്ചു.

Comments are closed.