Ultimate magazine theme for WordPress.

രോഗം ഭേദമായ 200 തബ്ലീഗ് അംഗങ്ങള്‍ തങ്ങളുടെ പ്ലാസ്മ ദാനം ചെയ്യുന്നു

ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള ചികിത്സയ്ക്കായി രോഗം ഭേദമായവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞതിനു പിന്നാലെ തങ്ങളുടെ പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറായി കോവിഡ് ഭേദമായ 200 തബ്ലീഗ് അംഗങ്ങള്‍. കോവിഡ് ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മയില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യം ഉണ്ടാകുമെന്നത് അടിസ്ഥാനമാക്കി ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികള്‍ക്കാണ് പ്ലാസ്മ തെറാപ്പി നടത്തുന്നത്.

അതേസമയം ഡല്‍ഹി നിസാമുദീന്‍ മര്‍ക്കസില്‍ ഒത്തുചേര്‍ന്ന 2,300 തബ് ലീഗ് ജമാഅത്ത് അംഗങ്ങളില്‍ 1,080 പേരില്‍ കോവിഡ്19 സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ 869 പേര്‍ രോഗം ഭേദമായി. ഇവരില്‍ 200 പേരാണ് ഇപ്പോള്‍ പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.

തുടര്‍ന്ന് പ്ലാസ്മ നല്‍കാന്‍ തയ്യാറായവരെ പരിശോധിച്ചതിന് ശേഷം പ്ലാസ്മ ശേഖരിക്കുമെന്ന് ഡല്‍ഹി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ‘ഒരു ഹിന്ദുവിന്റെ പ്ലാസ്മ ഉപയോഗിച്ച് ഒരു മുസ്ലീമിനെയും തിരിച്ചും ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. പിന്നെന്തിനാണ് നമ്മള്‍ മതിലുകള്‍ സൃഷ്ടിക്കുന്നത്. എല്ലാവരും ഒന്നിച്ചു നില്‍ക്കുന്നതിനാല്‍ ആര്‍ക്കും നമ്മളെ തോല്‍പ്പിക്കാനാകില്ല. ഭിന്നിച്ചുനിന്നാല്‍ ഈ യുദ്ധത്തില്‍ നമ്മള്‍ പരാജയപ്പെടും’ കെജരിവാള്‍ പറഞ്ഞു.

Comments are closed.