ബിഎസ്എന്‍എല്‍ ‘വര്‍ക്ക് അറ്റ് ഹോം’ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ഇനിയൊരു മാസം കൂടി ലഭിക്കും

പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബി‌എസ്‌എൻ‌എൽ മാർച്ചിൽ ഒരു പ്രത്യേക “വർക്ക് അറ്റ് ഹോം” പ്രൊമോഷണൽ ബ്രോഡ്‌ബാൻഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരെ സഹായിക്കുന്നതിനായിട്ടാണ് ഈ പ്ലാൻ പുറത്തിറക്കിയത്. ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ഉപഭോക്താക്കൾക്ക് 10 ജിബിപിഎസ് വേഗതയിൽ 5 ജിബി സൗജന്യ ഇന്റർനെറ്റ് നൽകുന്ന പ്ലാനാണ് ഇത്.

പ്രൊമോഷണൽ ബ്രോഡ്‌ബാൻഡ് പ്ലാൻ അവതരിപ്പിക്കുന്ന സമയത്ത് ഒരു മാസത്തെ വാലിഡിറ്റി മാത്രമാണ് ഈ ഓഫറിന് ഉണ്ടായിരുന്നത്. ഈ പ്ലാൻ ഏപ്രിൽ 19 വരെ മാത്രം ലഭ്യമാകുമെന്നാണ് ബിഎസ്എൻഎൽ അറിയിച്ചിരുന്നതെങ്കിലും ഇപ്പോൾ പ്ലാനിന്റെ വാലിഡിറ്റി നീട്ടിയിരിക്കുകയാണ്. ബിഎസ്എൻഎൽ “വർക്ക് അറ്റ് ഹോം” ബ്രോഡ്‌ബാൻഡ് പ്ലാൻ ഉപയോക്താക്കൾക്ക് ഇനിയൊരു മാസം കൂടി ലഭിക്കും. മെയ് 19 വരെയാണ് ഈ പ്ലാനിന് വാലിഡിറ്റി ഉണ്ടാവുകയെന്ന് ബിഎസ്എൻഎൽ അറിയിച്ചു.

ഏപ്രിൽ 19 വരെ വാലിഡിറ്റിയുമായി ലാൻഡ്‌ലൈൻ വരിക്കാർക്കായുള്ള പ്രമോഷണൽ ബ്രോഡ്‌ബാൻഡ് പ്ലാൻ മാർച്ച് മാസത്തിലാണ് ബിഎസ്എൻഎൽ ആരംഭിച്ചത്. തുടക്കത്തിൽ, ആൻഡമാൻ നിക്കോബാർ സർക്കിൾ ഉൾപ്പെടെ എല്ലാ സർക്കിളുകളിലെയും വരിക്കാർക്കായാണ് പ്ലാൻ ആരംഭിച്ചു. ഇന്ത്യയിലെ ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടിയതിനാൽ ബ്രോഡ്ബാൻഡ് പ്ലാനിന്റെ വാലിഡിറ്റിയും കമ്പനി നീട്ടി.

ബി‌എസ്‌എൻ‌എൽ വർക്ക് അറ്റ് ഹോം ബ്രോഡ്‌ബാൻഡ് പ്ലാൻ ദിവസവും 5 ജിബിയുടെ ഡാറ്റാ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. 10 എം‌ബി‌പി‌എസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ഈ പ്ലാനിലൂടെ ലഭിക്കുക. ദിവസേനയുള്ള 5ജിബി പരിധി തീർന്നുകഴിഞ്ഞാൽ വേഗത 1Mbps ആയി കുറയും. സൌജന്യ ഇമെയിൽ ഐഡി, 1 ജിബി സ്റ്റോറേജ് സ്പേസ് എന്നിവ പോലുള്ള മറ്റ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കുന്നു.

വർക്ക് അറ്റ് ഹോം ബ്രോഡ്ബാന്റ് പ്ലാൻ ലഭിക്കുന്നതിന് സെക്യൂരിറ്റി ഡിപ്പോസിറ്റോ പ്രതിമാസ നിരക്കുകളോ കമ്പനി ഈടാക്കുന്നില്ല. ഉപയോക്താക്കളുടെ നിലവിലുള്ള വോയ്‌സ് കോളിംഗ് ചാർജുകളിലും സബ്‌സ്‌ക്രിപ്‌ഷനിലും മാറ്റങ്ങളൊന്നും ഉണ്ടാവുകയില്ല. ഉപയോക്താക്കൾ ഇതിനകം സബ്‌സ്‌ക്രൈബുചെയ്‌തിട്ടുള്ള ലാൻഡ്‌ലൈൻ പ്ലാനിനൊപ്പം അധികമായി നൽകുന്ന ഓഫറാണ് ഇത്. ഔദ്യോഗിക ടോൾ ഫ്രീ നമ്പറായ 1800-345-1504 ൽ വിളിച്ചാൽ ബി‌എസ്‌എൻ‌എൽ ലാൻഡ് ലൈൻ വരിക്കാർക്ക് ബ്രോഡ്‌ബാൻഡ് ലഭിക്കും.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബിഎസ്എൻഎൽ തങ്ങളുടെ ഭാരത് ഫൈബർ പ്ലാനുകളിലെ 499 രൂപയുടെ പ്ലാൻ ലഭ്യമാകുന്ന കാലാവധി നീട്ടി നൽകിയിരുന്നു. ഈ പ്ലാൻ തുടക്കത്തിൽ മാർച്ച് 31 വരെ മാത്രമേ ലഭ്യമാകുകയുള്ളു എന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാലിപ്പോൾ പ്ലാൻ ജൂൺ 29 വരെ ലഭിക്കുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു. ലോക്ക്ഡൌൺ കാലത്ത് ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്ലാൻ ജൂൺ വരെ ലഭ്യമാക്കാൻ കമ്പനി തീരുമാനിച്ചത്.

Comments are closed.