കിയ സെല്‍റ്റോസിനായുള്ള കാത്തിരിപ്പ് കാലാവധി വീണ്ടും കൂടാന്‍ സാധ്യത

നിലവിൽ എസ്‌യുവി ശ്രേണിയിലെ താരരാജാവാണ് കിയ സെൽറ്റോസ്. ഇന്ത്യൻ വിപണിയിൽ എത്തി എട്ട് മാസത്തിൽ ഏറെയായെങ്കിലും ബുക്കിംഗ് കാലാവധി ഉപഭോക്താക്കൾക്ക് ഇന്നും ഒരു കടമ്പയാണ്.

കിയ സെൽ‌റ്റോസിനായുള്ളഡിമാൻഡ് ഇപ്പോഴും പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണ്. ആയിരക്കണക്കിന് ഉപഭോക്താക്കൾ‌ക്ക് അവരുടെ വാഹനത്തിനായുള്ള ഡെലിവറിക്കായി ക്യൂവിലാണ്. കൂടാതെ ദേശീയ ലോക്ക്ഡൗൺ പിൻവലിച്ചു കഴിഞ്ഞാൽ എസ്‌യുവിയുടെ കാത്തിരിപ്പ് കാലാവധി കൂടാനാണ് സാധ്യത.

ഈ വർഷം ആദ്യ പാദത്തിൽ അതായത് 2020 ജനുവരി മുതൽ മാർച്ച് വരെ കിയ 32,000 യൂണിറ്റ് സെൽറ്റോസ് വിതരണം ചെയ്‌തു. ഇന്ത്യയിലെ മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന വാഹനമാണ് സെൽറ്റോസ്. നിലവിൽ 67.7 ശതമാനം വിപണി വിഹിതമാണ് എസ്‌യുവിക്ക് വിപണിയിൽ ഉള്ളത്. അതേസമയം ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഇത് 26.6 ശതമാനവുമായി കണക്കാക്കുന്നു.

5.7 ശതമാനം വിൽപ്പന മാത്രമാണ് ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പിൽ നിന്നുള്ള മോഡലുകൾക്ക് ലഭിക്കുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഇരുപതിനായിരത്തോളം ഡെലിവറികൾ പൂത്തിയാക്കാനുണ്ടായിരുന്നു ബ്രാൻഡിന്. നിലവിൽ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതിനാൽ ബുക്ക് ചെയ്‌ത ഉപഭോക്താക്കൾക്ക് വാഹനം ലഭിക്കാൻ അൽപ്പം കൂടി കാത്തിരിക്കേണ്ടി വന്നേക്കും.

അടുത്ത മാസം ദേശീയ ലോക്ക്ഡൗൺ പിൻവലിച്ചു കഴിഞ്ഞാൽ ആവശ്യം ഇനിയും കുത്തനെ ഉയരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കൂടുതൽ ഉപഭോക്താക്കൾ സ്വകാര്യ ഗതാഗതത്തിലേക്ക് മാറുമെന്ന സൂചനയാണ് ലഭിക്കുന്നത്. കൊറോണ വൈറസ് വ്യാപനമുണ്ടാക്കിയ പ്രത്യാഘാതം ആളുകളെ കൂടുതൽ ആരോഗ്യ ബോധമുള്ളവരാക്കിത്തീർത്തിട്ടുണ്ട്.

വരും മാസങ്ങളിലെ മാറ്റം സ്വകാര്യ ഗതാഗതത്തിന് ഉയർന്ന മുൻഗണന നൽകും. മാത്രമല്ല അന്തർ നിർമിതമായ എയർ പ്യൂരിഫയറും മറ്റ് ആരോഗ്യ ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്യുന്ന കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ മോഡലുകൾക്ക് കൂടുതൽ പരിഗണന ലഭിക്കുമെന്നും തോന്നുന്നു.

ഇന്ത്യയിൽ എത്തി വെറും എട്ട് മാസത്തിനുള്ളിൽ 80,000 യൂണിറ്റുകളുടെ വിൽപ്പന നേടാൻ സെൽറ്റോസിലൂടെ കിയയ്ക്ക് സാധിച്ചു. വിപണിയിലെ മാന്ദ്യവും ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണും കടന്നുപോകുമ്പോഴാണ് ഈ വിൽപ്പന സംഖ്യകൾ കമ്പനി കൈവരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമായ നേട്ടമാണ്.

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ എന്നിവ ഉൾപ്പെടെ മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളുമായാണ് സെൽറ്റോസ് വിപണിയിലെത്തിയത്. മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം, കിയ മൂന്ന് വ്യത്യസ്ത ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും വാഗ്ദാനം ചെയ്തത് വിജയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്.

Comments are closed.