കോട്ടയം റെഡ് സോണില്‍ ; പൊലീസ് പരിശോധന കര്‍ശനമാക്കി

കോട്ടയം: കൊവിഡ് ബാധിതരായ ആരുമില്ലാതെ ഗ്രീന്‍സോണിലായിരുന്ന കോട്ടയം ജില്ലയില്‍ ആറ് ദിവസത്തിനിടെ 17 പേര്‍ രോഗബാധിതരായതോടെ ജില്ല റെഡ് സോണ്‍ ആയി മാറി. തുടര്‍ന്ന് ജില്ലയിലെ 7 പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ 7 വാര്‍ഡുകളും തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ജില്ലയില്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. അയ്മനം,വെള്ളൂര്‍,തലയോലപ്പറമ്പ്,പനച്ചിക്കാട്, വിജയപുരം,മണര്‍കാട്,അയര്‍ക്കുന്നം പഞ്ചായത്തുകളും കോട്ടയം നഗരസഭയിലെ 7 വാര്‍ഡുകളും തീവ്രബാധിത മേഖലയായി. ഇതിനു പുറമെ തലയോലപ്പറമ്പ് പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന മറവന്‍തുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കൂടി തീവ്ര ബാധിത മേഖലയിലാക്കി.

കോട്ടയത്ത് കൊവിഡ് ദിവസവും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ആശങ്കയുണ്ടാക്കുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് കൂടുതല്‍ മെഡിക്കല്‍ ടീമിനെ അയക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. അതേസമയം ജില്ലയില്‍ നിന്നുള്ള പരിശോധനാഫലങ്ങള്‍ വൈകുന്നതായും ആക്ഷേപമുണ്ട്.

Comments are closed.