വൈകി അത്താഴം കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കും

അത്താഴവുമായി ബന്ധപ്പെട്ട മറ്റൊരു ഘടകം പലപ്പോഴും അവഗണിക്കപ്പെടുന്നു. അതാണ്, വൈകി ഭക്ഷണം കഴിക്കല്‍. വൈകി അത്താഴം കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, നിങ്ങളുടെ ശരീരത്തിന്റെ സന്തുലിതാവസ്ഥയെയും പല തരത്തിലും ബാധിക്കുന്നു.

ഉറക്കത്തെ തടസപ്പെടുത്തുന്നു

വൈകിയ വേളകളില്‍ അത്താഴം കഴിക്കുന്നത് സ്വസ്ഥമായ ഉറക്കത്തെ കാര്യമായി ബാധിച്ചേക്കാം. ഭക്ഷണം ആഗിരണം ചെയ്യാന്‍ ആമാശയം ആസിഡ് പുറപ്പെടുവിക്കുന്നു, ഈ ആസിഡ് കിടക്കുമ്പോള്‍ ശരീരങ്ങളില്‍ വ്യത്യസ്തമായി പ്രതികരിക്കും. ചിലര്‍ക്ക് ഇത് ഉറക്കമില്ലായ്മ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് കാരണമായേക്കാം. ചിലര്‍ക്ക് ഇത് പതിവായി വയറുവേദനയ്ക്കും കാരണമാകും.

രാത്രി സമയം ഉപവാസത്തിനു തുല്യം

ശരിയായി പ്രവര്‍ത്തിക്കാന്‍ നിങ്ങളുടെ കുടലിന് ഒരു ഇടവേള ആവശ്യമാണ്. ഒരു പ്രഭാതഭക്ഷണം എന്നാല്‍ രാത്രി മുഴുവന്‍ നിങ്ങള്‍ എടുത്തൊരു ഉപവാസം മുറിക്കുന്നതിന് തുല്യമാണ്. വൈകുന്നേരം 7 – 9 മണിയോടെ ഒരു അത്താഴവും അടുത്ത ദിവസം രാവിലെ 8ന് പ്രഭാതഭക്ഷണവും ശരീരത്തിന് അനുയോജ്യമായ ഉപവാസമാണ്. ഇത് പാലിക്കാത്തപ്പോള്‍ നമ്മുടെ കുടല്‍ കഷ്ടപ്പെടുന്നു. ഇത് പല അനാരോഗ്യ അവസ്ഥകളിലേക്കും നയിക്കുന്നു.

പ്രമേഹ സാധ്യത

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ ഗ്ലൂക്കോസും ഇന്‍സുലിനും ഉയര്‍ത്തുന്നു. ഇത് ശരീരത്തില്‍ ടൈപ്പ് 2പ്രമേഹത്തിന് ഇടയാക്കുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മൂലം കൊളസ്‌ട്രോളിന്റെ അളവും ശരീരത്തില്‍ വര്‍ദ്ധിക്കുന്നു.

ഓര്‍മ്മശക്തി

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് നമ്മുടെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നേരത്തെ അത്താഴം കഴിക്കുന്നതിലൂടെ തലച്ചോറിനും മറ്റ് അവയവങ്ങള്‍ക്കും അടുത്ത ദിവസത്തേയ്ക്ക് സ്വയം ഊര്‍ജം നല്‍കാനുള്ള സമയം ലഭിക്കും. ഭക്ഷണം കൃത്യ സമയത്തും കൃത്യമായ അളവില്‍ പോഷകസമൃദ്ധമായും കഴിച്ച് ശീലിക്കുക.

ഹൃദയാഘാതം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ബാധിച്ച ആളുകള്‍ക്ക് രാത്രി വൈകി ഭക്ഷണം കഴിച്ചാല്‍ ഹൃദയാഘാത സാധ്യത കൂടുതലാകുന്നു. ഉപ്പിന്റെ അളവ് അധികമാകുന്നതിനേക്കാള്‍ അപകടകരമാണ് ഹൈ ബി.പി ഉള്ളവര്‍ ഇത്തരത്തില്‍ ഭക്ഷണം വൈകി കഴിക്കുന്നത്.

അസിഡിറ്റി

വൈകി അത്താഴം കഴിക്കുന്നത് പല ആനാരോഗ്യകരമായ അവസ്ഥകള്‍ക്കും കാരണമാകുന്നു. അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ സാധാരണമാണ്. അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ് കാരണം. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉദരത്തിലെ ആസിഡ് അന്നനാളത്തിലേക്കെത്തുന്നത് അസ്വസ്ഥതയ്ക്ക് കാരണമാകും. അതുകൊണ്ട് ഒരിക്കലും അത്താഴം വൈകിക്കരുത്.

Comments are closed.