Ultimate magazine theme for WordPress.

കോട്ടയത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനം ഇടവഴികളിലും നിരീക്ഷണം

കോട്ടയം: കോട്ടയത്ത് ഒരാഴ്ചകൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം 17 ആയതിനെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ് ജില്ലാഭരണകൂടം. പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നത് ജില്ലയില്‍ നിരോധിച്ചു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന 14 ഇടങ്ങളിലും പരിശോധന കര്‍ശനമാക്കി. ഇടവഴികളിലും നിരീക്ഷണമേര്‍പ്പെടുത്തി.

രോഗികളുടെ വീടുകള്‍ സ്ഥിതി ചെയ്യുന്ന കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയില്‍ വാഹന ഗതാഗതത്തിനും വിലക്കുണ്ട്. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കും. കോട്ടയത്ത് 1040 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. പ്രത്യേക കൊവിഡ് കെയര്‍ സെന്ററുകളില്‍ 18 പേരും നിരീക്ഷണത്തിലാണുള്ളത്.

അതേസമയം കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുടെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം പ്രസിദ്ധീകരിച്ചു. ജില്ലയില്‍ എട്ട് പഞ്ചായത്തുകളും ചങ്ങനാശേരി നഗരസഭയും തീവ്രബാധിത മേഖലയാണ്. എന്നാല്‍ 395 പേരുടെ സ്രവ പരിശോധനാ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ഒരാഴ്ച്ചക്കു ശേഷം ഇന്നലെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് കോട്ടയത്തിന് ആശ്വാസമാണ്.

Comments are closed.