ഇടുക്കിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി ; നിയമലംഘനങ്ങളില്‍ 216 പേര്‍ക്കെതിരെ കേസെടുത്തു

ഇടുക്കി: റെഡ്‌സോണിലായ ഇടുക്കിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. ലാക്ക്ഡൗണ്‍ നിയമലംഘനങ്ങളില്‍ 216 പേര്‍ക്കെതിരെയും കേസെടുത്തു. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുകയോ വാഹനങ്ങളില്‍ യാത്രയോ പാടില്ലെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഇത് ഉറപ്പാക്കാന്‍ പരിശോധനകളും കര്‍ശനമാക്കി. രണ്ട് എസ്പിമാരുടെ നേതൃത്വത്തില്‍ ആകെ 1559 പൊലീസുകാരാണ് സജ്ജമായിട്ടുള്ളത്.

അതേസമയം കൊവിഡ് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് വിരുദ്ധമായി പുറത്തിറങ്ങിയ 118 പേര്‍ക്കെതിരെ കേസെടുത്തു. ഇടുക്കിയിലേക്കുള്ള നാല് പ്രധാന പാതകളിലും 25 ഇടവഴികളിലും കര്‍ശന പരിശോധനകള്‍ ഉണ്ടാകും. 78 സ്ഥലത്ത് പിക്കറ്റ് പോസ്റ്റുകളും 58 ബൈക്ക് പട്രോളും ഏര്‍പ്പെടുത്തി. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ പലയിടത്തും ലോക്ക്ഡൗണ്‍ പാലിക്കാതെ കടകള്‍ തുറന്നിരുന്നു. ഇനിമുതല്‍ ഇതില്‍ ഉപദേശമുണ്ടാവില്ല, മറിച്ച് കേസെടുക്കുക തന്നെ ചെയ്യും.

Comments are closed.