തമിഴ്‌നാട്ടിൽ ബാർബർ ഷോപ്പുടമക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

ചെന്നൈ: ലോക്ക്ഡൗണ്‍ ലംഘിച്ച് പ്രവര്‍ത്തിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈ വലസരവാക്കം മുന്‍സിപ്പാലിറ്റി മേഖലയിലുള്ള 32കാരനാണ് കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും കണ്ടെത്താനുള്ള ശ്രമം ചെന്നൈ കോര്‍പ്പറേഷന്‍ ആരംഭിച്ചു. കോയമ്പേടിന് സമീപത്തുള്ള ബാര്‍ബര്‍ ഷോപ്പില്‍ സന്ദര്‍ശനം നടത്തിയവരെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്. അതേസമയം, ഇതിനകം തന്നെ മുപ്പതോളം ആളുകള്‍ ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാനായി പോയിരുന്നെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയി മുടി വെട്ടിയപ്പോള്‍ മറ്റു ചിലര്‍ ഇയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മുടി വെട്ടിയത്.

ബാര്‍ബര്‍ ഷോപ്പ് ഉടമയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വലസരവാക്കം, നേര്‍കുന്‍ഡ്രം, കോയമ്പേട് എന്നിവിടങ്ങളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കി. അതേസമയം, ലോക്ക്ഡൗണ്‍ കാലത്ത് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ബാര്‍ബര്‍ ഷോപ്പ് തുറന്നതിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ല.

 

Comments are closed.