പ്രശസ്ത ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

മുംബൈ : പ്രശസ്ത ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നടന് 54 വയസ്സായിരുന്നു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇര്‍ഫാന്‍. അതേസമയം ഇര്‍ഫാനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്.

2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ഹോളിവുഡിലടക്കം നാല്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിരുന്നു. രാജസ്ഥാനിലെ ജയ്പുരില്‍ ജനിച്ച ഇര്‍ഫാന്‍ ചെറുപ്പത്തില്‍ പ്രാദേശിക ക്രിക്കറ്റ് താരമായിരുന്നു.

പിന്നീട് നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. മുബൈയിലെത്തി. നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ വേഷമിട്ടതിനു ശേഷമാണ് സിനിമയിലെത്തിയത്. മീരാ നായരുടെ സലാം ബോംബെയാണ് ആദ്യ ചിത്രം. ഇര്‍ഫാന് 2011 ല്‍ പത്മശ്രീ ലഭിച്ചിട്ടുണ്ട്. കൂടാതെ 2013 ല്‍ പാന്‍സിങ് തോമറിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി. അമേസിങ് സ്‌പൈഡര്‍മാന്‍, ജുറാസിക് വേള്‍ഡ്, ലൈഫ് ഓഫ് പൈ തുടങ്ങിയവ ഇര്‍ഫാന്‍ അഭിനയിച്ച പ്രധാന ഹോളിവുഡ് ചിത്രങ്ങളാണ്.

Comments are closed.