പ്രീപെയ്ഡ് നമ്പറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനായി മറ്റുള്ളവരെ സഹായിക്കുന്നവര്‍ക്ക് റീചാര്‍ജ് തുകയുടെ നാല് ശതമാനം കമ്മീഷന്‍

പ്രീപെയ്ഡ് നമ്പറുകൾ റീചാർജ് ചെയ്യുന്നതിനായി മറ്റുള്ളവരെ സഹായിക്കുന്നവർക്ക് റീചാർജ് തുകയുടെ നാല് ശതമാനം കമ്മീഷൻ നൽകുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു. “ബി‌എസ്‌എൻ‌എൽ അപ്നോ കി മഡാഡ് സെ റീചാർജ്” എന്ന പേരിൽ ആരംഭിച്ച പുതിയ സംരഭത്തിന്റെ ഭാഗമായാണ് കമ്മീഷൻ നൽകുന്നത്. നേരത്തെ സ്വകാര്യ കമ്പനികളും ഇത്തരം സംരംഭങ്ങൾ അവതരിപ്പിച്ചിരുന്നു. ലോക്ക്ഡൌൺ കാലത്ത് റീചാർജ് ചെയ്യാൻ സാധിക്കാതെ വരുന്ന ആളുകൾക്ക് ഇത് ഏറെ സഹായകമാവും.

മറ്റുള്ളവരുടെ മൊബൈൽ നമ്പറുകൾ റീചാർജ് ചെയ്ത് നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് കമ്പനി പുതയ സംരംഭം ആരംഭിച്ചത്. ഈ പ്ലാൻ ആദ്യം പ്രഖ്യാപിച്ചപ്പോൾ കമ്പനി ക്യാഷ്ബാക്ക് ഓഫറിന്റെ കാര്യം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീടാണ് പ്ലാൻ അപ്ഡേറ്റ് ചെയ്ത് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടാതെ, ‘ഘർ ബെയ്തേ റീചാർജ്’ എന്ന പേരിൽ ഒരു പുതിയ ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. റീചാർജിനായി ഉപയോക്താവിന് റിക്വസ്റ്റ് ചെയ്യാവുന്ന സംവിധാനമാണ് ഇത്.

എല്ലാ സ്വകാര്യ കമ്പനികളും അവരുടെ ഉപയോക്താക്കൾക്കായി ഒരു കമ്മീഷൻ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. റീചാർജ് ചെയ്യാൻ ആളുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നതുകൊണ്ടാണ് ഇത്തരമൊരു സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ എന്നിവ അവരുടെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് നാല് മുതൽ ആറ് ശതമാനം വരെയാണ് കമ്മീഷൻ വാഗ്ദാനം ചെയ്യുന്നത്.

എയർടെൽ താങ്ക്സ് ആപ്പിൽ സൂപ്പർ ഹീറോ ഫീച്ചർ എന്ന പ്രത്യേക സംവിധാനം പുറത്തിറക്കിയിട്ടുണ്ട്. ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ്, പേയ്‌മെന്റ് ബാങ്കുകൾ, ഇവാലറ്റുകൾ എന്നിവ വഴി റീചാർജ്ജുകൾക്കായുള്ള പേയ്‌മെന്റുകൾ നടത്താൻ പുതുതായി ആരംഭിച്ച ഫീച്ചർ നിങ്ങളെ സഹായിക്കുന്നു. മറ്റുള്ളവർക്ക് റീചാർജ് ചെയ്ത് കൊടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എയർടെൽ ഇത്തരമൊരു നടപടിയെടുത്തത്.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോയും റീചാർജ് പ്രോത്സാഹിപ്പിക്കാനായി പുതിയ സംരംഭം കൊണ്ടുവന്നിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക ആപ്ലിക്കേഷനും റിലയൻസ് ജിയോ പുറത്തിറക്കി. ഓരോ റീചാർജിലും പോയിന്റുകൾ നേടാൻ സാധിക്കുന്ന ജിയോ പാർട്ട്ണർമാരാകാൻ ജിയോപോസ് എന്ന അപ്ലിക്കേഷനിലൂടെ ഉപയോക്താക്കൾക്ക് സാധിക്കും. അപ്ലിക്കേഷൻ ഇതിനകം തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

വോഡഫോൺ-ഐഡിയ ‘റീചാർജ് ഫോർ ഗുഡ്’ എന്ന പേരിലാണ് മറ്റുള്ളവർക്ക് റീചാർജ് ചെയ്ത് നൽകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. ഈ സവിശേഷത ഇതിനകം തന്നെ മൈ വോഡഫോൺ, മൈ ഐഡിയ എന്നീ ആപ്ലിക്കേഷനുകളിൽ ലഭ്യമാണ്. ഓപ്പറേറ്റർ പ്രീപെയ്ഡ് പായ്ക്കുകൾ റീചാർജ് ചെയ്യുമ്പോൾ 10 രൂപ, 20 രൂപ നിരക്കുകളിലുള്ള ക്യാഷ്ബാക്ക് ഓഫറും കമ്പനി നൽകുന്നുണ്ട്.

കണക്റ്റിവിറ്റി വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത് അവശ്യ കാര്യങ്ങളുടെ പട്ടികയിൽ ഉള്ളതുകൊണ്ട് തന്നെ ഈ സമയത്ത് ടെലിക്കോം കമ്പനികൾ അവരുടെ റീചാർജ് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രീപെയ്ഡ് ഉപയോക്താക്കളെ സഹായിക്കാനുള്ള പുതിയ നീക്കങ്ങൾ ആരംഭിച്ചത്. ഈ സവിശേഷതകളും അപ്ലിക്കേഷനുകളും ആരംഭിക്കുന്നതിനായി കമ്പനികൾ ധാരാളം നിക്ഷേപം നടത്തുന്നതുകൊണ്ട് തന്നെ ഇത് അവരുടെ ബിസിനസ്സുകളെ വലിയ തോതിൽ ബാധിക്കുമെന്ന് ഉറപ്പാണ്.

Comments are closed.