തൃശൂർ
മഴയിൽനനഞ്ഞ്, വെടിക്കെട്ട് ബാക്കിയാക്കി തൃശൂർ പൂരത്തിന് കൊടിയിറക്കം. വടക്കുംനാഥക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടി–-പാറമേക്കാവ് ഭഗവതിമാരുടെ തിടമ്പേറ്റിയ കൊമ്പൻമാർ ഉപചാരം ചെല്ലിപ്പിരിഞ്ഞതോടെ ഈ വർഷത്തെ പൂരാഘോഷങ്ങൾക്ക് പരിസമാപ്തി. 2023 ഏപ്രിൽ 30നാണ് അടുത്ത പൂരം.
ബുധൻ രാവിലെ എട്ടോടെ മണികണ്ഠനാൽ പന്തലിൽനിന്ന് പാറമേക്കാവ് വിഭാഗവും നായ്ക്കനാൽ പന്തലിൽനിന്ന് തിരുവമ്പാടി വിഭാഗവും പതിനഞ്ചാനപ്പുറത്ത് എഴുന്നെള്ളിപ്പ് തുടങ്ങി. പെരുവനം കുട്ടൻമാരാരുടെയും കിഴക്കൂട്ട് അനിയൻമാരാരുടെയും നേതൃത്വത്തിൽ വീണ്ടും മേളപ്പെരുക്കം. തട്ടകക്കാർക്കായി കുടകളും വിരിഞ്ഞു. എഴുന്നള്ളിപ്പുകൾ വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തേക്ക് മുന്നേറിയപ്പോൾ പുരുഷാരവും കൂടിക്കൂടി വന്നു. ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടി ചന്ദ്രശേഖരനും എറണാകുളം ശിവകുമാറുമാണ് കോലമേന്തി ഉപചാരം ചൊല്ലിയത്.
Read more: https://www.deshabhimani.com/news/kerala/pooram-2002/1019190