30 വര്‍ഷത്തോളമായി 9 വയസ്സ് മുതലുള്ള പെണ്‍കുട്ടികളോട് ലൈംഗിക അതിക്രമം; സി.പി.ഐ.എം പ്രവര്‍ത്തകനായ അധ്യാപകനെതിരെ പരാതിയുമായി കൂടുതല്‍ പൂര്‍വ വിദ്യാര്‍ഥിനികള്‍

0

മലപ്പുറം: പോക്‌സോ കേസ് പ്രതിയും മലപ്പുറം സി.പി.ഐ.എം നഗരസഭാ കൗണ്‍സിലറുമായിരുന്ന കെ.വി. ശശികുമാറിനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥിനികള്‍ രംഗത്ത്. മലപ്പുറത്തെ സെന്റ്. ജെമ്മാസ് സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ ശശികുമാറിനെതിരെ പരാതിയുമായി മുന്നോട്ട് വന്നെന്ന് പൂര്‍വ വിദ്യാര്‍ഥിനി സംഘടനാ പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഘടനക്ക് വേണ്ടി ബീന പിള്ള, മിനി സക്കീര്‍ എന്നിവരാണ് പത്രസമ്മേളനം നടത്തിയത്.

അധ്യാപകനായിരുന്ന 30 വര്‍ഷത്തിനിടെ ശശികുമാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ വിരമിച്ചതിനെ തുടര്‍ന്ന് ശശികുമാര്‍ അധ്യാപക ജീവിതത്തെ കുറിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിനു താഴെ അധ്യാപകനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് ഒരു പൂര്‍വ വിദ്യാര്‍ഥിനി കമന്റിട്ടു.

ആരോപണം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് ചില പൂര്‍വ വിദ്യാര്‍ഥിനികള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് വിശദമായി അന്വേഷിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്ന് ബീന പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. അതിനുള്ള നടപടികളുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ജില്ലാ പൊലീസ് സൂപ്രണ്ട്, വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും സംഘടന പരാതി നല്‍കി.

പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. അറുപതോളം വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ടെന്ന് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു. 2019ല്‍ സ്‌കൂള്‍ അധികൃതരോട് ചില വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു.ആരോപണത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ശശികുമാര്‍ നഗരസഭാ അംഗത്വം രാജിവെച്ചിരുന്നു. പൂര്‍വ വിദ്യാര്‍ഥിനികളുടെ പരാതിയെ തുടര്‍ന്ന് കെ.വി. ശശികുമാറിനെ ബ്രാഞ്ച് അംഗത്വത്തില്‍ നിന്നും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു.

 

 

Leave A Reply

Your email address will not be published.