ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തും; തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തിക്കൊണ്ടുവരും; വാഗ്ദാനങ്ങളുമായി പുതിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ

0

കൊളംബോ: മഹീന്ദ രജപക്‌സെ രാജി വെച്ചതിന് പിന്നാലെ ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രി അധികാരമേറ്റു. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവായ റനില്‍ വിക്രമസിംഗംയാണ് പ്രധാനമന്ത്രിയായി അധികാരമേറ്റത്.

ഇത് അഞ്ചാം തവണയാണ് റനില്‍ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. മുമ്പ് 1993- 1994, 2001- 2004, 2015- 2018, 2018- 2019 എന്നീ വര്‍ഷങ്ങളിലും റനില്‍ ലങ്കയുടെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്.

പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ ഓഫീസില്‍ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിലായിരുന്നു റനില്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.

തൊട്ടുപിന്നാലെ പുതിയ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസിഡന്റ് ഗോതബയ രജപക്‌സെ ട്വീറ്റ് പങ്കുവെക്കുകയും ചെയ്തു.മോശപ്പെട്ട ഒരു സമയത്ത് രാജ്യത്തെ മുന്നോട്ട് നയിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് വന്ന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിക്ക് എന്റെ എല്ലാ ആശംസകളും. ശ്രീലങ്കയെ വീണ്ടും ശക്തമാക്കാന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്നു,” ഗോതബയ ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ചയായിരുന്നു മഹീന്ദ രജപക്സെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചത്. ഇതിന് പിന്നാലെ കുരുനേഗല നഗരത്തിലെ മഹീന്ദയുടെ വസതി പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയിരുന്നു.

നിലവില്‍ ട്രിങ്കോമാലിയിലെ നേവല്‍ ബോസിലാണ് മഹീന്ദയും കുടുംബവും അഭയം പ്രാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave A Reply

Your email address will not be published.