രാജസ്ഥാന്റെ സൂപ്പര്‍ താരത്തോട് പുറത്തേക്ക് ‘ജാവോ’ പറഞ്ഞ് ദേശീയ ടീം

0

രാജസ്ഥാന്‍ റോയല്‍സിന്റെ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ജിമ്മി നീഷം ദേശീയ ടീമില്‍ നിന്നും പുറത്ത്. അടുത്ത സീസണിലേക്കുള്ള ദേശീയ  കരാറില്‍ നിന്നുമാണ് നീഷമിനെ ടീം പുറത്താക്കിയിരിക്കുന്നത്.

മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ജിമ്മി നീഷം ഇത്തരത്തില്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെടുന്നത്. മൈക്കിള്‍ ബ്രെസ്വാളാണ് താരത്തിന് പകരം ടീമില്‍ ഇടം കണ്ടെത്തിയത്.

12 ടെസ്റ്റ് മത്സരങ്ങളും 66 ഏകദിനങ്ങളും 38 ടി-20 മത്സരങ്ങളും താരം ബ്ലാക്ക് ക്യാപ്‌സിനായി കളിച്ചിട്ടുണ്ട്. 2019 ടി-20 ലോകകപ്പിലെ അവിഭാജ്യ ഘടകം കൂടിയായിരുന്നു നീഷം.

ലോകകപ്പില്‍ 135.29 സ്‌ട്രൈക്ക് റേറ്റില്‍ 92 റണ്‍സ് നേടിയ നീഷം മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. 2021 മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു 31-കാരന്റെ അവസാന ഏകദിനം.

താരത്തെ ഐ.പി.എല്‍ കളിക്കാന്‍ അനുവദിച്ചുകൊണ്ടായിരുന്നു ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് നെതര്‍ലാന്‍ഡിനെതിരെയുള്ള പരമ്പരയ്ക്കായി നീഷമിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്.

അതേസമയം കിവീസുമായുളള കരാര്‍ പട്ടികയില്‍ നിന്ന് പുറത്തായെങ്കിലും ന്യൂസിലാന്‍ഡിനായി ഇനിയും കളിക്കാനുള്ള അവസമുണ്ടാകുമെന്ന് മുഖ്യപരിശീലകന്‍ ഗാരി സ്റ്റഡ് ഉറപ്പുനല്‍കിയിരുന്നു.

ഇത് കേവലം കരാറിന്റെ ഭാഗമാണെന്നും ടീം സെലക്ഷന്റെ ഭാഗമല്ല എന്നുമായിരുന്നു സ്റ്റഡ് പറഞ്ഞത്. അന്താരാഷ്ട്ര തലത്തില്‍ നീഷം എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും താരത്തിന്റെ ടീമിലേക്കുള്ള മടങ്ങിവരവെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണ് നീഷം. ഇതുവരെ തന്റെ മികച്ച പ്രകടനം ടീമിനായി പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന ഈ 31കാരന്‍ ഒരു മത്സരം മാത്രമാണ് ഈ സീസണില്‍ കളിച്ചത്.ഗുജറാത്ത് ടൈറ്റന്‍സിനെതിരെയായിരുന്നു നീഷം കളിച്ചത്. എന്നാല്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ്, പത്തിനോടടുത്ത് എക്കോണമിയില്‍ 29 റണ്‍സായിരുന്നു താരം വിട്ടു നല്‍കിയത്.

Leave A Reply

Your email address will not be published.