ഐ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഗോകുലം ചാമ്പ്യന്‍മാര്‍; കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം

0

കൊല്‍ക്കത്ത: ഐ ലീഗ് ചാമ്പ്യന്‍മാരായി ഗോകുലം കേരള എഫ് സി. ശനിയാഴ്ച നടന്ന നിര്‍ണായകമായ അവസാന മത്സരത്തില്‍ മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്ബിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഗോകുലം തുടര്‍ച്ചയായ രണ്ടാം തവണയും ഐ ലീഗ് ചാമ്പ്യന്‍മാരായത്. ഇതോടെ ദേശീയ ചാമ്പ്യന്‍ഷിപ്പ് ഐ ലീഗ് ആയി രൂപം മാറിയശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടവും ഗോകുലത്തിന് സ്വന്തമായി.

മുഹമ്മദന്‍സിനെതിരായ അവസാന മത്സരത്തില്‍ സമനില നേടിയാലും കിരീടം കൈപ്പിടിയിലെത്തുമായിരുന്ന ഗോകുലം വിജയത്തോടെ തന്നെ കിരീടനേട്ടം ആഘോഷിച്ചു. ലീഗില്‍ 18 മത്സരങ്ങളില്‍ 43 പോയന്റുമായാണ് ഗോകുലം ജേതാക്കളായത്. 18 മത്സരങ്ങളില്‍ 37 പോയന്റുള്ള മുഹമ്മദന്‍സ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയാലായിരുന്നു മുഴുവന്‍ ഗോളുകളും.
റിഷാദ്, എമില്‍ ബെന്നി എന്നിവരാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്. അസ്ഹറുദ്ദീന്‍ മാല്ലിക്കിന്റെ വകയായിരുന്നു മുഹമ്മദന്‍ എസ്.സിയുടെ ഏക ഗോള്‍.

നേരത്തെ 2020-21 സീസണിലും കിരീടം നേടിയ ഗോകുലം ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ഫുട്ബോള്‍ ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.