മതാചാരത്തിന്റെ പേരിലോ നാട്ടുനടപ്പിന്റെ പേരിലോ ന്യായീകരിക്കാവുന്നതല്ല ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യ നീതി: എം.എന്‍. കാരശ്ശേരി

0

കോഴിക്കോട്: സമത്വമെന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്നും പെണ്‍കുട്ടികളോട് അയിത്തം ആകാം എന്നതാണ് സമസ്താ വേദിയിലെ സംഭവത്തിലൂടെ ഉറപ്പായതെന്നും സാമൂഹിക നിരീക്ഷകന്‍ എം.എന്‍. കാരശ്ശേരി. ഇത്തരം നിലപാട് ജനാധിപത്യപരമായി അംഗീകരിക്കാനാകില്ലെന്ന് കാരശ്ശേരി പറഞ്ഞു.

മാതൃഭൂമി ന്യൂസിലെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ വിഷയം എന്തിനാണ് ചര്‍ച്ച ചെയ്യുന്നതെന്ന് സമസ്തയുടെ നേതാക്കന്‍മാര്‍ക്ക് മനസിലാകുന്നില്ല. മതമോ, ആചാരമോ അനുഷ്ടാനമോ അല്ല ചര്‍ച്ചയാക്കുന്നത്.

ഒരു ജനാധിപത്യ രാഷ്ട്രം ഉറപ്പാക്കിയിട്ടുള്ള സ്ത്രീ- പുരുഷ സമത്വത്തിനെതിരെ ആര് പെരുമാറിയാലും അത് ചോദ്യം ചെയ്യേണ്ടിവരും. അത് മതാചാരത്തിന്റെ പേരിലോ നാട്ടുനടപ്പിന്റെ പേരിലോ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വേറെ പലരും, പലതും ചെയ്യുന്നില്ലേയെന്നത് ഒന്നിനും ന്യായീകരണമല്ല. എല്ലാം എതിര്‍ക്കണം. സമസ്ത നേതാവ് പറഞ്ഞ ലജ്ജ എന്ന വാക്ക് തന്നെ പുരുഷാധിപത്യ സമൂഹത്തിന്റെ സൃഷ്ടിയാണ്.

ലജ്ജിക്കാതെ ആത്മാഭിമാനത്തോടെ നില്‍ക്കണം എന്നാണ് പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത്. നമുക്ക് സമത്വവും തുല്യതയും ഉറപ്പുനല്‍കുന്ന ഭരണഘടന നല്‍കുന്നത്. ഭരണഘടനാപ്രകാരം അയിത്തം ഒരു കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു

സമസ്തയെപ്പറ്റി ഒരുപാട് നല്ലകാര്യങ്ങള്‍ പറയാനുണ്ട്. മതതീവ്രവാദത്തെ എതിര്‍ത്ത നിലപാട് സമസ്തയ്ക്കുണ്ട്. 96 വര്‍ഷത്തെ പാരമ്പര്യമുള്ള സംഘടനയാണത്. അങ്ങനെയുള്ള ഒരു സംഘടനയാണ് ഇങ്ങനെയൊരു പന്തിരിപ്പന്‍ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും എം.എന്‍. കാരശ്ശേരി പറഞ്ഞു.

അതേസമയം, പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ന്യായീകരണവുമായി സമസ്ത രംഗത്തുവന്നത്. പെണ്‍കുട്ടിക്ക് വിഷമം തോന്നാതിരിക്കാന്‍ വേണ്ടിയാണ് മാറ്റിനിര്‍ത്തിയതെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്.

പെണ്‍കുട്ടിക്കോ ബന്ധുക്കള്‍ക്ക് സംഭവത്തില്‍ പരാതിയില്ലെന്നും ജിഫ്രിക്കോയ തങ്ങള്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് ലജ്ജ ഉണ്ടാവുമോ എന്ന് വിചാരിച്ചാണ് മാറ്റിയതെന്നും പത്രസമ്മേളനത്തില്‍ ജിഫ്രിക്കോയ തങ്ങള്‍ പറഞ്ഞു.

സമസ്ത നേതാവ് എം.ടി. അബ്ദുല്ല മുസ്‌ലിയാരാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വേദിയില്‍ നിന്നും ഇറക്കിവിട്ടത്.

മദ്‌റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്ലിയാരെ പ്രകോപിപ്പിച്ചത്. ‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്നാണ് അബ്ദുള്ള മുസ് ലിയാര്‍ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനങ്ങളും ശക്തമായിരുന്നു.

Leave A Reply

Your email address will not be published.