താജ്മഹലിലെ അടച്ചിട്ട മുറികളില്‍ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങളോ വിഗ്രഹങ്ങളോ ഇല്ല: ചിത്രങ്ങള്‍ പങ്കുവെച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

0

ന്യൂദല്‍ഹി: താജ്മഹലിലെ അടച്ചിട്ട മുറികളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ മുറിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ). വാര്‍ത്താക്കുറിപ്പിലാണ് എ.എസ്.ഐ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 9നായിരുന്നു വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചത്.

ട്വിറ്ററിലൂടെയാണ് എ.എസ്.ഐ ചിത്രങ്ങള്‍ പങ്കുവെച്ചത്. താജ്മഹലിന്റെ ചരിത്രം പരിശോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ രുദ്ര വിക്രം സിംഗ് നല്‍കിയ ഹരജി അല്ലഹാബാദ് ഹൈക്കോടതി തള്ളിയതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് എ.എസ്.ഐ ചിത്രങ്ങള്‍ പങ്കുവെച്ചത്.ആ മുറികളില്‍ രഹസ്യമൊന്നുമില്ലെന്നും അവ നിര്‍മിതിയുടെ ഒരു ഭാഗം മാത്രമാണെന്നും മുഗള്‍ കാലഘട്ടത്തിലെ നിരവധി ശവകുടീരങ്ങള്‍ അക്കാലത്ത് ഇത്തരത്തില്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും എ.എസ്.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് താജ്മഹലിന്റെ അടച്ചിട്ട 22 മുറികള്‍ തുറക്കണമെന്ന ബി.ജെ.പി നേതാവിന്റെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് ഡി.കെ ഉപാധ്യായ്, സുബാഷ് വിദ്യാര്‍ഥി എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി.

അടച്ചിട്ട മുറികളില്‍ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങളോ വിഗ്രഹങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും, താജ്മഹലിന്റെ ശരിയായ ചരിത്രം കണ്ടെത്തണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.

Leave A Reply

Your email address will not be published.